തൃശൂർ: പൊലീസ് സ്റ്റേഷനിൽ വനിതാ എസ്.ഐയെ അടക്കം ചീത്ത പറഞ്ഞ യുവാവ് ആംബുലൻസ് ഡ്രൈവറുടെ കൈ വിരൽ കടിച്ചു മുറിവേൽപ്പിച്ചു. തലപ്പളി സ്വദേശി കറുപ്പത്ത് വീട്ടിൽ നിവിൻ (30) ആണ് സ്റ്റേഷനിൽ പരാക്രമം നടത്തിയത്. പരിക്കേറ്റ ആംബുലൻസ് ഡ്രൈവർ ഹാഷിഫ് അലിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ഒമ്പതേകാലോടെ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. ലഹരിക്കടിപ്പെട്ട് യുവാവ് പരാക്രമം കാണിക്കുന്നു എന്ന വിവരത്തെ തുടർന്നാണ് സന്നദ്ധ സംഘടനയായ ‘ആക്ട്സി’ന്റെ ആംബുലൻസ് സ്റ്റേഷനിലെത്തിയത്.
ആംബുലൻസിൽ കയറ്റുന്നതിനിടെയാണ് ഇയാള്‍ ഡ്രൈവറുടെ കൈ വിരൽ കടിച്ചു മുറിക്കുകയായിരുന്നു. നിവിനെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലും കസ്റ്റഡിയിലെടുത്ത ബി.ജെ.പി പ്രവർത്തകരായ രണ്ടുപേർ അക്രമാസക്തരായി പൊലീസിനെ മർദിച്ചിരുന്നു. തടയാൻ ശ്രമിച്ച എസ്.ഐക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി 11ഓടെയാണ് സംഭവം.
കൊടുങ്ങല്ലൂർ തെക്കേനടയിലെ അശ്വതി ബാറിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത എടവിലങ്ങ് പൊടിയൻ ബസാർ കുന്നത്ത് രഞ്ജിത്ത് (37), വാലത്ത് വികാസ് (31) എന്നിവരാണ് സ്റ്റേഷനിൽ എത്തിച്ചതിന് പിന്നാലെ കസേരയെടുത്ത് ചില്ലുഭിത്തി അടിച്ചു തകർത്തത്. ഇത് തടയുന്നതിനിടെയാണ് എസ്.ഐ അജിത്തിന് പരിക്കേറ്റത്.
കൈക്ക് പരിക്കേറ്റ എസ്.ഐ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അറസ്റ്റിലായ പ്രതികൾക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും സർക്കാർ ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.