തിരുവനന്തപുരം: ഒഴിവുകൾ നികത്താത്തതുമൂലം വിവിധ തസ്തികകളിൽ ജീവനക്കാരില്ലാതെ സ്ഥാപനത്തിന്റെ പ്രവർത്തനം അവതാളത്തിലായതായി ആരോപിച്ച് കെ.എസ്.ഇ.ബിയിൽ ഇടതനുകൂല യൂനിയനുകൾ സമരത്തിന്. നിയമനങ്ങള്‍ നടത്താതെ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന നിലപാടുകള്‍ക്കെതിരെയാണ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ സമരം നടക്കുക. അഞ്ചുമാസത്തിനകം 1579 പേര് വിരമിക്കുന്നതോടെ, പ്രതിസന്ധി രൂക്ഷമാവുന്ന സാഹചര്യമാണുള്ളത്.
ജീവനക്കാരുടെ കുറവുകാരണം നിലവിലുള്ളവർ സമയത്തിനതീതമായി ജോലി ചെയ്യേണ്ടിവരുന്നു. അമിത ജോലിഭാരം കാരണം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനാകാതെ പൊതുജനങ്ങള്‍ക്ക് സേവനം നല്‍കേണ്ട സാഹചര്യവുമുണ്ട്. ജീവനക്കാരുടെ കുറവ് സമയബന്ധിത സേവനങ്ങളെ ബാധിക്കുന്നതിനാൽ ഉപഭോക്താക്കളുടെ പ്രതിഷേധവും നേരിടേണ്ടിവരുന്നു. റെഗുലേറ്ററി കമീഷന് അംഗീകരിച്ച 30321 തസ്തികളിൽ അധികരിക്കാത്ത രീതിയില്‍ നിയമനവും സ്ഥാനക്കയറ്റവും നടത്താമെന്നും സംഘടനകള്‍ സമർപ്പിക്കുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ചചെയ്ത് അന്തിമമായി ജീവനക്കാരുടെ എണ്ണം റീസ്ട്രക്ചറിങ്ങിന്റെ ഭാഗമായി തീരുമാനിക്കാമെന്നും മാനേജ്മെന്റ് ഉറപ്പുനൽകിയിരുന്നു. എന്നാല്‍, ഈ ഉറപ്പ് പാലിക്കാതെ നീട്ടിക്കൊണ്ടുപോയി. ഒടുവിൽ 912 നിയമനങ്ങള്‍ നടത്താമെന്നും ‘സാങ്ഷന്‍ഡ് സ്ട്രെങ്ത്’ അനുസരിച്ച് മുഴുവന്‍ സ്ഥാനക്കയറ്റവും നടത്താമെന്നും തീരുമാനമെടുത്തു.
പക്ഷേ, 912 നിയമനങ്ങളില്‍ 302 എണ്ണം നടത്താമെന്നും ശേഷിക്കുന്നത് ഘട്ടംഘട്ടമായി നടത്താമെന്ന തീരുമാനമാണ് സംഘടനകളെ പിന്നീട് അറിയിച്ചത്. ‘സാങ്ഷന്‍ഡ് സ്ട്രെങ്ത്’ അനുസരിച്ച് 9835 ജീവനക്കാരുടെയും റെഗുലേറ്ററി കമീഷന് അംഗീകരിച്ച് നല്കിയ എണ്ണം അനുസരിച്ച് 3634 ജീവനക്കാരുടെയും കുറവാണുള്ളത്. 2025 മേയ് 31 വരെയുള്ള വിരമിക്കൽ കൂടി കണക്കിലെടുത്താല്‍ ഇത് 11414, 5213 എന്ന നിലയില്‍ വർധിക്കും. ഈ സാഹചര്യത്തില്‍ തീരുമാനിച്ച 912 ഒഴിവുകള്‍പോലും നികത്താതെ സ്ഥാപനത്തെ പ്രതിസന്ധിയിലാക്കുന്ന നടപടികള്‍ക്കെതിരെ ചൊവ്വാഴ്ച മുതല്‍ വൈദ്യുതി ഭവന് മുന്നില്‍ ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ അനിശ്ചിതകാല പ്രക്ഷോഭം ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.