ചാൻസലർ ബില്ലിൽ ഭേദഗതി വരുന്നു

തിരുവനന്തപുരം: ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നീക്കാനായി വ്യാഴാഴ്ച നിയമസഭയിൽ അവതരിപ്പിച്ച ബില്ലിൽ ഭേദഗതിക്ക് തീരുമാനം. സബ്ജക്ട് കമ്മിറ്റി യോഗത്തിലാണ് സർക്കാർ ഭേദഗതി ശിപാർശ കൊണ്ടുവന്നത്.

വൈസ്ചാൻസലറുടെ താൽക്കാലിക ഒഴിവ് വരുമ്പോൾ പ്രോ വൈസ്ചാൻസലർക്കോ മറ്റേതെങ്കിലും സർവകലാശാല വി.സിക്കോ ചുമതല നൽകണമെന്ന വ്യവസ്ഥയിലാണ് ഭേദഗതി.ചാൻസലറും പ്രോ ചാൻസലറും കൂടിയാലോചിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യേണ്ടതാണെന്ന രീതിയിലാണ് ഭേദഗതി ശിപാർശ. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്കുശേഷം സഭയിൽ വരുന്ന ബില്ലിൽ ഇത് ഔദ്യോഗിക ഭേദഗതിയായി കൊണ്ടുവരും.

യു.ജി.സി റെഗുലേഷനിൽ വി.സിക്കൊപ്പം പി.വി.സിയുടെ കാലാവധി അവസാനിക്കുമെന്ന (കോ ടെർമിനസ്) വ്യവസ്ഥ നിലനിൽക്കെ ബില്ലിൽ പി.വി.സിക്ക് ചുമതല നൽകാനുള്ള വ്യവസ്ഥ കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്നും നിലനിൽക്കില്ലെന്നും ബില്ലിന് തടസ്സവാദം ഉന്നയിച്ച് സംസാരിച്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടിയിരുന്നു.

ഇക്കാര്യം സബ്ജക്ട് കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചിരുന്നു. യു.ജി.സി റെഗുലേഷന് വിരുദ്ധമായ വ്യവസ്ഥ ബില്ലിൽ കടന്നുകൂടുന്നത് നിയമക്കുരുക്കിലാക്കുമെന്ന തിരിച്ചറിവിലാണ് ഭേദഗതി. 

Tags:    
News Summary - Amending Chancellor's Bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.