തിരുവനന്തപുരം: പണപ്പിരിവ് വിവാദത്തിനിടെ ലോകകേരളസഭ അമേരിക്കൻ മേഖല സമ്മേളനത്തിന് വെള്ളിയാഴ്ച ന്യൂയോർക്കിൽ തുടക്കം. മുഖ്യമന്ത്രി ഉൾപ്പെടെ കേരളത്തിൽനിന്നുള്ള വി.ഐ.പികൾക്കൊപ്പം വേദിപങ്കിടലും അത്താഴവിരുന്നും ഓഫർ നൽകിയുള്ള സംഘാടക സമിതിയുടെ പണപ്പിരിവാണ് വിവാദമായത്. സ്പോൺസർഷിപ് വഴി സമ്മേളന ചെലവ് കണ്ടെത്താനുള്ള മാർഗമെന്ന വ്യാഖ്യാനവുമായി നോർക്കയും സി.പി.എമ്മും നടപടിയെ ന്യായീകരിച്ച് രംഗത്തുവരുകയും ചെയ്തിരുന്നു.
ജൂൺ ഒമ്പതു മുതൽ 11 വരെ നടക്കുന്ന സമ്മേളനത്തിന്റെ രണ്ടാം ദിവസം കേരളത്തെ സംബന്ധിച്ചും പ്രവാസികളെ സംബന്ധിച്ചുമുള്ള പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് സംഘാടകർ വാർത്തക്കുറിപ്പിൽ അറിയിച്ചു. ‘അമേരിക്കൻ മേഖലയിൽ ലോകകേരളസഭയുടെയും നോർക്കയുടെയും പ്രവർത്തനങ്ങൾ: വിപുലീകരണ സാധ്യതകളും വെല്ലുവിളികളും’ വിഷയം നോർക്ക റെസിഡൻറ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അവതരിപ്പിക്കും.
മുൻ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ കെ.എം. എബ്രഹാം ‘നവകേരളം എങ്ങോട്ട്-അമേരിക്കൻ മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും’ വിഷയം അവതരിപ്പിക്കും. ‘മലയാള ഭാഷ-സംസ്കാരം-പുതുതലമുറ അമേരിക്കൻ മലയാളികളും സാംസ്കാരിക പ്രചരണ സാധ്യതകളും’ വിഷയം ലോകകേരളസഭ സെക്രട്ടറിയും കേരള ചീഫ് സെക്രട്ടറിയുമായ വി.പി. ജോയി അവതരിപ്പിക്കും.
‘മലയാളികളുടെ അമേരിക്കൻ കുടിയേറ്റം: ഭാവിയും വെല്ലുവിളികളും’ വിഷയം ലോകകേരളസഭ ഡയറക്ടർ ഡോ.കെ. വാസുകി അവതരിപ്പിക്കും. ചർച്ചകൾക്കു ശേഷം ലോകകേരളസഭ ചെയർമാനും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ മറുപടി പ്രസംഗം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.