കോഴിക്കോട്: എൻ.സി.പിയിലെ എതിർപ്പുകൾ മറികടന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ എലത്തൂരിൽ സ്ഥാനാർഥിത്വമുറപ്പിച്ചു.
എൻ.സി.പി ജില്ല എക്സിക്യുട്ടിവ് കമ്മിറ്റി യോഗത്തിൽ ചൂടേറിയ ചർച്ചകൾക്കൊടുവിലാണ് എ.കെ. ശശീന്ദ്രനെ തുടർച്ചയായ മൂന്നാം തവണയും എലത്തൂരിൽ മത്സരിക്കാൻ ധാരണയായത്. ഇൻഡോർ സ്റ്റേഡിയം ഹാളിൽ നടന്ന യോഗം ഇടക്ക് ബഹളത്തിലും കലാശിച്ചു.
നേതാക്കൾ പരസ്പരം വാക്പോരും നടത്തി. എന്നാൽ, സംഘടനക്കെതിരെ സംസാരിച്ച ചിലരെ വേദിയിലിരുത്തിയതിനെ എതിർത്തതാണ് ബഹളത്തിന് കാരണമെന്നാണ് നേതാക്കളുടെ ഭാഷ്യം. സ്ഥാനാർഥിത്വം ചർച്ചയായിട്ടില്ലെന്നാണ് യോഗത്തിന്ശേഷം സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരനും അവകാശപ്പെട്ടത്.
പാർട്ടിയിലെ മറ്റു ചില വിഷയങ്ങൾ ഉച്ചത്തിൽ സംസാരിച്ചതാണെന്നും ജനാധിപത്യ പാർട്ടിയായ എൻ.സി.പിയിൽ എല്ലാവർക്കും അഭിപ്രായം രേഖപ്പെടുത്താൻ അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബാലുശ്ശേരിയടക്കം എൻ.സി.പിക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലെ നേതാക്കൾ ശശീന്ദ്രനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. ഞായറാഴ്ച ചേരുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് സമിതിയിൽ എൻ.സി.പി മത്സരിക്കുന്ന സീറ്റുകളിലെ സ്ഥാനാർഥികളെ ഔദ്യോഗികമായി തീരുമാനിക്കും.
ഈമാസം പത്തിനകം കേരളത്തിലെ സ്ഥാനാർഥികളെ ഡൽഹിയിൽ കേന്ദ്ര പാർലമെൻററി ബോർഡ് തീരുമാനിക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരൻ യോഗശേഷം പറഞ്ഞു. മത്സരിക്കുന്ന സീറ്റുകളിൽ പാർട്ടി തെരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങിയതായി സംസ്ഥാന പ്രസിഡൻറ് പറഞ്ഞു. ചില പോരായ്മകൾ കണ്ടുപിടിച്ചിട്ടുണ്ടെന്നും പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എ.കെ. ശശീന്ദ്രൻ എട്ടാം തവണയും മത്സരിക്കുന്നതിനെതിരെ തുടക്കം മുതൽ എതിർപ്പുയർന്നിരുന്നു. സി.പി.എം കോട്ടയായ എലത്തൂരിൽ പാർട്ടി അണികളും ശശീന്ദ്രെൻറ സ്ഥാനാർഥിത്വത്തെ ഇഷ്ടപ്പെട്ടിരുന്നില്ല. സീറ്റ് സി.പി.എം തന്നെ ഏറ്റെടുക്കാനും നീക്കമുണ്ടായിരുന്നു.
എന്നാൽ, മാണി സി കാപ്പൻ യു.ഡി.എഫിലേക്ക് ചേക്കേറിയതോടെ ഒരു വട്ടം കൂടി ശശീന്ദ്രൻ തുടരട്ടെ എന്ന നിലപാടാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിനുണ്ടായിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സുഹൃത്തും സഹപ്രവർത്തകനുമായ ശശീന്ദ്രൻ തുടരുന്നതിന് അനുകൂലമായിരുന്നു. പകരം സ്ഥാനാർഥിയെ തീരുമാനിക്കുേമ്പാൾ സമുദായ സമവാക്യങ്ങൾ തെറ്റുമെന്നതും ശശീന്ദ്രന് തുണയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.