കവർച്ച തടയാൻ ശ്രമിച്ച വൃദ്ധദമ്പതികളെ വെട്ടി; കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

ഒറ്റപ്പാലം: പുലർച്ച വീട്ടിൽ അതിക്രമിച്ച് കടന്ന മോഷ്ടാവിനെ ചെറുക്കാനുള്ള ശ്രമത്തിനിടെ വൃദ്ധദമ്പതികൾക്ക് വെട്ടേറ്റു. പാലപ്പുറം മുണ്ടഞാറ ആട്ടീരി വീട്ടിൽ സുന്ദരേശൻ (74), ഭാര്യ അംബികാദേവി (67) എന്നിവർക്കാണ് മോഷ്ടാവിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. ഒരു മണിക്കൂറിനകം പ്രതിയെ പൊലീസ് പിടികൂടി. പൊള്ളാച്ചി സ്വദേശി ഗോവിന്ദരാജ് എന്ന പൂച്ചാണ്ടി ഗോവിന്ദരാജിനെയാണ് (50) ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച പുലർച്ച രണ്ടോടെയാണ് സംഭവം. വീട്ടിനകത്തെ അലമാര തുറക്കുന്ന ശബ്ദം കേട്ട് എഴുന്നേറ്റ അംബികാദേവി ഉറങ്ങിക്കിടന്ന സുന്ദരേശനെ വിളിച്ചുണർത്തി. തുടർന്ന് കവർച്ച തടയാനുള്ള ശ്രമത്തിനിടയിൽ മോഷ്ടാവ് ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. സുന്ദരേശന്റെ നെറ്റിയിലും മുതുകിലും കൈയിലും അംബികാദേവിയുടെ കൈകളിലും മുഖത്തുമാണ് വെട്ടേറ്റത്. ബഹളം കേട്ട് അയൽക്കാർ ഓടിക്കൂടി. പ്രാഥമിക പരിശോധനയിൽ ഒരു വളയും മൊബൈൽ ഫോണും നഷ്ടപ്പെട്ടതായി കണ്ടെത്തി. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. മോഷ്ടിച്ച മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ നിരീക്ഷിച്ചാണ് ലക്കിടിയിൽനിന്ന് പ്രതിയെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിലാണ് കുപ്രസിദ്ധ മോഷ്ടാവ് പൊള്ളാച്ചി സ്വദേശി ഗോവിന്ദരാജ് ആണെന്ന് വ്യക്തമായത്. കേരളത്തിലും തമിഴ്നാട്ടിലുമായി അമ്പതിലേറെ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ദമ്പതികൾ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Tags:    
News Summary - An elderly couple who tried to stop the robbery was hacked; Notorious thief arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.