ഗുരുവായൂർ: നെന്മിനിയിൽ ആർ.എസ്.എസ് പ്രവർത്തകൻ ആനന്ദിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. നാല് വർഷം മുമ്പ് കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവർത്തകൻ കീരമുക്ക് പുതുവീട്ടിൽ ഫാസിലിെൻറ സഹോദരൻ ഫായിസ് (25), നെന്മിനി നമ്പറമ്പത്ത് ജിതേഷ് (രാമൻ-22), മന്നിക്കര അരീക്കരവീട്ടിൽ കാർത്തിക് (26) എന്നിവരെയാണ് ചൊവ്വാഴ്ച പുലർച്ചെ ഗുരുവായൂരിൽനിന്ന് പിടികൂടിയത്.
ഉച്ചയോടെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ബൈക്കിൽ വന്നിരുന്ന ആനന്ദിനെ ഇടിച്ചിടാൻ ഉപയോഗിച്ച കാർ ഫായിസിേൻറതായിരുന്നു. സംഭവം നടന്ന അന്നുതന്നെ പൊലീസിന് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിരുന്നു. ഇവർ പൊലീസിെൻറ നിരീക്ഷണത്തിലുമായിരുന്നു. കൃത്യം നടന്ന് 40 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാനായത് പൊലീസിന് നേട്ടമായി. സംഭവത്തിന് രാഷ്ട്രീയ നിറം ഇല്ലെന്നാണ് പൊലീസ് നിലപാട്. ഫാസിൽ കൊല്ലപ്പെട്ടതിലെ പ്രതികാരമാണ് കൃത്യത്തിനുള്ള പ്രേരണയെന്ന് പൊലീസ് പറയുന്നു. എന്നാൽ, അറസ്റ്റിന് മുമ്പ് ഉന്നത സി.പി.എം നേതാക്കളുമായി പൊലീസ് ചർച്ച നടത്തിയതായി അറിയുന്നു.
കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങളും പ്രതികൾ രക്ഷപ്പെട്ട ബൈക്കും പൊലീസ് കണ്ടെടുത്തു. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ ഒരു പ്രതിയുമായാണ് പൊലീസ് തെളിവെടുപ്പിനെത്തിയത്. തിരിച്ചറിയൽ പരേഡ് വേണ്ടതിനാൽ പ്രതിയുടെ മുഖം കറുത്ത തുണികൊണ്ട് മൂടിയിരുന്നു. പ്രതികളിലൊരാളായ കാർത്തിക്കിനെയാണ് കൊണ്ടുവന്നതെന്നാണ് സൂചന.
നെന്മിനി മനയുടെ വളപ്പിൽ ഉപേക്ഷിച്ച ഇരുമ്പ് പൈപ്പ്, വാൾ, വെട്ടുകത്തി എന്നിവയാണ് കണ്ടെടുത്തത്. പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച ബൈക്ക് വാടനപ്പള്ളിക്ക് സമീപം തൃത്തല്ലൂരിൽനിന്ന് കണ്ടെടുത്തു. ഗുരുവായൂർ സി.ഐ ഇ. ബാലകൃഷ്ണൻ, ടെമ്പിൾ സി.ഐ യു.എച്ച്. സുനിൽദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.