പത്തനാപുരം: രണ്ടു കോടിയോളം രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി ആന്ധ്ര സ്വദേശികളെ പിടികൂടി. വിശാഖപട്ടണം സ്വദേശികളായ രാമു (24), മുരല്ല ശ്രാവൺ കുമാർ (27) എന്നിവരാണ് പിടിയിലായത്.
കൊല്ലം റൂറൽ ഡാൻസാഫ് ടീമും പത്തനാപുരം പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരിൽനിന്ന് 965 ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെടുത്തു.
കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലകളിലെ മൊത്തകച്ചവടക്കാർക്ക് വൻതോതിൽ ലഹരിവസ്തുക്കൾ എത്തിച്ചുകൊടുക്കുന്നതായി ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
വിശാഖപട്ടണത്തെ ലഹരി മാഫിയ സംഘത്തിലെ പ്രധാനിയാണ് രാമുവെന്ന് പൊലീസ് പറയുന്നു. ഹാഷിഷ് ഓയിൽ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് ബാഗിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ആന്ധ്രയിൽനിന്ന് കായംകുളത്ത് ട്രെയിൻ ഇറങ്ങിയ ഇവർ അവിടെനിന്ന് ഓട്ടോറിക്ഷയിലാണ് പത്തനാപുരത്തെത്തിയത്. കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി കെ.ബി. രവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.