അഞ്ചിലൊന്ന് അംഗൻവാടികളും വാടകക്കെട്ടിടത്തിൽ
text_fieldsസംസ്ഥാനത്തെ അഞ്ചിലൊന്ന് അംഗൻവാടികളും പ്രവർത്തിക്കുന്നത് വാടകക്കെട്ടിടങ്ങളിൽ. കഴിഞ്ഞദിവസം, കെ.രാധാകൃഷ്ണൻ എം.പിയുടെ ചോദ്യത്തിന് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. സംസ്ഥാനത്ത് ആകെ 33,115 അംഗൻവാടികളാണുള്ളത്.
ഇതിൽ 7229ഉം പ്രവർത്തിക്കുന്നത് വാടകക്കെട്ടിടത്തിലാണ് - ഏകദേശം 21 ശതമാനം. ഏറ്റവൂം കൂടുതൽ അംഗൻവാടികൾ വാടക റൂമുകളിൽ പ്രവർത്തിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ് - 1045. കുറവ് വയനാടും -77. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 172 അംഗൻവാടികൾക്കാണ് പുതിയ കെട്ടിടങ്ങൾക്ക് അനുമതിയായതെന്നും മന്ത്രി മറുപടിയിൽ വ്യക്തമാക്കി.
സംസ്ഥാന വനിത ശിശുവികസന ഡയറക്ടറേറ്റ് ഡിസംബർ മൂന്നിന് പുറപ്പെടുവിച്ച ഉത്തരവു പ്രകാരം, അംഗൻവാടി കെട്ടിടങ്ങളുടെ വാടകയിനത്തിൽ സർക്കാറിന് വലിയ ചെലവ് വരുന്നുണ്ട്. സെപ്റ്റംബർ -നവംബർ കാലത്തെ വാടകയിനത്തിൽ മാത്രം ഡയറക്ടറേറ്റ് അനുവദിച്ചത് 6.13 കോടി രൂപയാണ്.
ഇതനുസരിച്ച് ഏകദേശം 25 കോടി രൂപ പ്രതിവർഷം അംഗൻവാടികളുടെ വാടകക്കായി സർക്കാർ നീക്കിവെക്കണം. സംസ്ഥാന ശിശു വികസന വകുപ്പ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്നാണ് അംഗൻവാടികൾക്ക് കെട്ടിടം നിർമിക്കുന്നത്. ഒരു അംഗൻവാടി കെട്ടിടത്തിന് തൊഴിലുറപ്പ് പദ്ധതി വിഹിതമായി എട്ടുലക്ഷം രൂപയും രണ്ടുലക്ഷം രൂപ ഫിനാൻസ് ഫണ്ടും രണ്ടുലക്ഷം രൂപ 60:40 അനുപാതത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുമാണ് വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.