കോന്നി: നാടകീയ മുഹൂർത്തങ്ങൾക്കൊടുവിലാണ് മലയാലപ്പുഴയിൽ 'വാസന്തി അമ്മ മഠം' ശോഭന തിലകിനെയും ഭർത്താവ് ഉണ്ണികൃഷ്ണനെയും പൊലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിയെ ഉപയോഗിച്ച് പൂജ നടത്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി ആളുകളാണ് ഇവരുടെ പൊതീപ്പാടുള്ള വീടിന് മുന്നിലേക്ക് എത്തിയത്. ഇതോടെ നാട്ടുകാർ ചേർന്ന് വീട് എറിഞ്ഞ് നശിപ്പിക്കുകയും സാധനങ്ങൾ തല്ലിത്തകർക്കുകയും ചെയ്തു. വീടിനോട് ചേർന്ന് ഇവർ സ്ഥാപിച്ച പൂജ ചെയ്യുന്ന സ്ഥലം അടക്കം തകർത്തു.
തുടർന്ന് ഡി.വൈ.എസ്.പി നന്ദകുമാറിെൻറ നേതൃത്വത്തിലെ പൊലീസ് സംഘവും സ്ഥലത്തെത്തി. ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായി സ്ഥലത്തെത്തി. നാട്ടുകാരുടെ രോഷം അണപൊട്ടിയതോടെ സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുമ്പോഴും വലിയ പ്രതിഷേധമാണ് നാട്ടുകാരിൽ നിന്നുമുണ്ടായത്. മലയാലപ്പുഴ പഞ്ചായത്തിലെ പൊതീപ്പാട് പതിമൂന്നാം വാർഡിൽ ആണ് 'വാസന്തി അമ്മ മഠം' സ്ഥിതി ചെയ്യുന്നത്. കുമ്പഴ സ്വദേശിയായ ശോഭന മുമ്പ് മല്ലശ്ശേരി കേന്ദ്രീകരിച്ച് മന്ത്രവാദം നടത്തുകയും സമീപവാസികളുമായി പ്രശ്നം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.
ഇതിന് ശേഷമാണ് ഇവർ മലയാലപ്പുഴ പൊതീപ്പാട് വന്ന് വാടകക്ക് താമസമാക്കിയത്. ഇവരെ എതിർക്കുന്ന നാട്ടുകാരുടെ വീടിന് മുന്നിൽ പൂവുകളും മറ്റും ഇടുകയും ഭീഷണിപെടുത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.