കോഴിക്കോട്: അരികിലില്ലെങ്കിലും ഭർത്താവിന്റെ ഏറ്റവും വലിയ ആഗ്രഹം പൂവണിഞ്ഞപ്പോൾ കണ്ണീരണിഞ്ഞ് കൃഷ്ണപ്രിയ. കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ കുടുംബത്തിന് ആശ്വാസമായി വേങ്ങേരി സർവിസ് കോഓപറേറ്റിവ് ബാങ്ക് നൽകിയ ജോലി സ്വീകരിച്ച ഭാര്യ കൃഷ്ണപ്രിയക്ക് വേദന അടക്കിനിർത്താനായില്ല. ഒന്നരമാസക്കാലം എല്ലാ വേദനകളും ഉള്ളിലൊതുക്കി മറ്റുള്ളവരുടെ മുന്നിൽ കണ്ണുനനക്കാതെ നിന്ന കൃഷ്ണപ്രിയക്ക് തിങ്കളാഴ്ച രാവിലെ ജോലിയിൽ പ്രവേശിക്കാനുള്ള ഒപ്പുവെക്കലിനുശേഷം സങ്കടം പിടിച്ചുനിർത്താനായില്ല. മാധ്യമങ്ങൾക്കുമുന്നിൽ അവർ വിതുമ്പി.
വേങ്ങേരി സർവിസ് സഹകരണ ബാങ്കിന്റെ തടമ്പാട്ടുതാഴം ഹെഡ് ഓഫിസിൽ ജൂനിയർ ക്ലർക്ക്/കാഷ്യർ തസ്തികയിലാണ് നിയമനം. കൃഷ്ണപ്രിയയെ അർജുൻ വിവാഹം കഴിച്ചത് മൂന്നര വർഷം മുമ്പായിരുന്നു. ഭാര്യക്ക് സർക്കാർ ജോലി വേണമെന്ന നിർബന്ധമായിരുന്നു അർജുന്. പി.ജി വിദ്യാർഥിയായിരുന്ന കൃഷ്ണപ്രിയയെ സർക്കാർ ജോലിക്കുള്ള പരിശീലനത്തിന് നിർബന്ധിക്കാറുണ്ടായിരുന്നെങ്കിലും രണ്ടര വയസ്സുള്ള മകൻ അയൻ കുറച്ചുകൂടി മുതിർന്നശേഷം മതിയെന്നുപറഞ്ഞ് കൃഷ്ണപ്രിയ തടസ്സം നിൽക്കുകയായിരുന്നു. കഠിനാധ്വാനിയായ അർജുൻ പ്ലസ്ടുവിന് പഠിച്ചുകൊണ്ടിരിക്കെ തന്നെ തുണിക്കടയിൽ ജോലിചെയ്തിരുന്നു. പിന്നീട് പെയിന്റിങ് ജോലിയും ചെയ്തു. തുടർന്നാണ് ഡ്രൈവറായത്. തനിക്ക് പഠിക്കാനുള്ള അവസരം നഷ്ടമായെങ്കിലും അതിന്റെ ഖേദം തീർത്തത് കൃഷ്ണപ്രിയയെ സർക്കാർ ജോലിക്കുവേണ്ടി പ്രോത്സാഹിപ്പിച്ചും ഒപ്പംനിന്നുമാണ്.
വർഷങ്ങളായി ബാങ്കിലെ മെംബർമാരായ അർജുന്റെ കുടുംബവുമായുള്ള ബന്ധം തുടരാനാണ് ഭരണസമിതി ജോലി നൽകാൻ തീരുമാനിച്ചത്. സർക്കാർ പ്രത്യേക ഉത്തരവിറക്കിയിരുന്നു. ‘അവൻ ആളായതിനു ശേഷമാ ഞങ്ങൾ പുതിയ വീട് വെച്ചത്. ലോൺ മുടങ്ങാതെ അടക്കുന്നുണ്ട്. ഞങ്ങൾക്ക് നഷ്ടമായ സ്ഥലം വിലകൊടുത്ത് വാങ്ങിയത് അവന് ഏറെ അഭിമാനമായിരുന്നു’ -പിതാവ് പ്രേമൻ പറഞ്ഞു. അർജുന്റെ സഹോദരിമാരായ അഞ്ജുവും അഭിരാമിയും സഹോദരീ ഭർത്താവ് ജിതിനും കൃഷ്ണപ്രിയക്കൊപ്പം ബാങ്കിലെത്തിയിരുന്നു. പരിശീലനത്തിനുശേഷം കൃഷ്ണപ്രിയക്ക് ആവശ്യമെങ്കിൽ വീടിനു സമീപത്തെ ബ്രാഞ്ചിലേക്ക് സ്ഥലംമാറ്റം നൽകുമെന്ന് പ്രസിഡന്റ് പി.പ്രേമചന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.