രാഹുലിന്‍റെ പിന്മാറ്റം വയനാട്ടിലെ ജനങ്ങളോടുള്ള അനീതിയെന്ന് ആനി രാജ

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ പിന്മാറ്റം വയനാട്ടിലെ ജനങ്ങളോടുള്ള അനീതിയെന്ന് സി.പി.ഐ നേതാവും എൽ.ഡി.എഫ് സ്ഥാനാർഥിയുമായിരുന്ന ആനി രാജ. റായ്ബറേലിയിൽ മത്സരിക്കുന്ന കാര്യം നേരത്തെ പറ‍യണമായിരുന്നു. രാഷ്ട്രീയ ധാർമികതക്ക് നിരക്കാത്ത പ്രവൃത്തിയാണ്. ഉപതെരഞ്ഞെടുപ്പിൽ താൻ മത്സരിക്കണമോ എന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് പാർട്ടിയിൽ ചർച്ച നടന്നിട്ടില്ലെന്നും ആനി രാജ മാധ്യമങ്ങളോട് പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയുമെന്നാണ് റിപ്പോർട്ട്. വയനാട്ടി​ൽ സന്ദർശനം നടത്തിയതിന് ശേഷം ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. സോണിയ ഗാന്ധിയുടെ മണ്ഡലമായിരുന്ന റായ്ബറേലിയാവും രാഹുൽ ഗാന്ധി നിലനിർത്തുക.

വയനാട് മണ്ഡലത്തിൽ നിന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കില്ലെന്നും റിപ്പോർട്ടുണ്ട്. പ്രിയങ്കയുടെ കൂടി അഭിപ്രായം തേടിയതിന് ശേഷമാണ് വയനാട്ടിൽ നിന്നും അവർ മത്സരിക്കേണ്ട തീരുമാനം കോൺഗ്രസ് എടുത്തത്. കേരളത്തിലെ ഏതെങ്കിലും മുതിർന്ന നേതാവാകും കോൺഗ്രസിന് വേണ്ടി വീണ്ടും ജനവിധി തേടുക.

രണ്ട് ലോക്സഭാ മണ്ഡലങ്ങളിൽ വിജയിച്ചവർ വരണാധികാരിയിൽ നിന്നും സർട്ടിഫിക്കറ്റ് കൈപ്പറ്റി 14 ദിവസത്തിനുള്ളിൽ ഒരു മണ്ഡലത്തിലെ രാജി സമർപ്പിക്കണമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ എഴുപതാം വകുപ്പ് വ്യക്തമാക്കുന്നത്. ഇതുപ്രകാരം രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയണം.

ഏഴു കേന്ദ്രമന്ത്രിമാരെ തോൽപ്പിച്ച് ഇൻഡ്യ സഖ്യം യുപിയിൽ മികച്ച വിജയം തേടിയതോടെ, സംസ്ഥാനത്തെ പാർട്ടി പുനരുജ്ജീവിപ്പിക്കാനാണ് രാഹുൽ ഗാന്ധിയുടെ ശ്രമം. ഇതിന്റെ ഭാഗമായാണ് രാഹുൽ റായ്ബറേലി നിലനിർത്തുന്നത്. രാഹുൽ ഗാന്ധി രാജിവെച്ചാൽ ആറ് മാസത്തിനുള്ളിൽ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടക്കും.

Tags:    
News Summary - Ani Raja says that Rahul's withdrawal is injustice to the people of Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.