തൃശൂർ: മന്ത്രി സി.രവീന്ദ്രനാഥ് തൃശൂർ സെൻറ്തോമസ് കോളജ് വിദ്യാർഥി ആയിരിക്കെ എ.ബി.വി.പിയുടെ സ്ഥാനാർഥിയായി കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക കൊടുത്തിരുന്നു എന്ന് അനിൽ അക്കര എം.എൽ.എ പറയുന്നത് കല്ല് വെച്ച കള്ളമാണെന്ന് അക്കാലത്തെ കോളജ് യൂനിയൻ ചെയർമാൻ.
1978ൽ സെൻറ് തോമസ് കോളജിലെ യൂനിയൻ െചയർമാനായിരുന്ന എൻ.രവീന്ദ്രനാഥാണ് ‘കള്ളം പറയരുത്, പ്രചരിപ്പിക്കരുത്’ എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ അനിൽ പറയുന്നത് നുണയാെണന്ന് ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യൻ ബാങ്കിൽ നിന്നും മാനേജരായി വിരമിച്ച് വിശ്രമ ജീവിതം നയിക്കുകയാണ് ഇദ്ദേഹം.
സി. രവീന്ദ്രനാഥിനൊപ്പം ബി.എസ്.സി, എം.എസ്.സി ക്ലാസുകളിൽ ഒന്നിച്ചിരുന്ന് പഠിക്കാനും പ്രവർത്തിക്കാനും ഭാഗ്യമുണ്ടായിട്ടുണ്ട്. അന്നു മുതൽ തന്നെ സി. രവീന്ദ്രനാഥിെൻറ ധിഷണാ വൈഭവവും അക്കാദമിക് മികവും ഞങ്ങൾ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അതിെൻറ തുടർച്ചയും സ്വാഭാവിക ബഹിർസ്ഫുരണവുമാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ള അംഗീകാരമെന്ന് കരുതുന്നതായാണ് എൻ.രവീന്ദ്രനാഥിെൻറ കുറിപ്പ്. ഞങ്ങൾ പഠിക്കുന്ന കാലത്ത് തൃശൂരിൽ എ.ബി.വി.പി എന്ന സംഘടനയുടെ സാന്നിധ്യം തീരെയില്ലായിരുന്നു. സെൻറ് തോമസ് കോളജിൽ ഒരു അംഗം പോലുമുണ്ടായിരുന്നില്ല. എന്നിട്ടും അസംബന്ധം നിറഞ്ഞ കള്ള പ്രസ്താവനയുമായി ഒരു ജനപ്രതിനിധി രംഗത്ത് വരുന്നത് എന്തിനാണ്? യശസ്സ് കൂട്ടാൻ ഇതേ മാർഗമുള്ളോ? അദ്ദേഹം ചോദിക്കുന്നു.
ഇതിനിടെ അനിൽ നടത്തുന്നത് വിടുവായത്തമാണെന്ന് കോൺഗ്രസ് നേതൃത്വത്തിൽ അഭിപ്രായമുയർന്നു. എതിരാളികൾക്കെതിരെ രാഷ്ട്രീയ ആരോപണങ്ങൾ പോലും ഉന്നയിക്കാത്ത മന്ത്രി സി. രവീന്ദ്രനാഥിനെതിരെ വ്യക്തിഹത്യ നടത്തുന്നവിധം ആരോപണമുന്നയിച്ചത് അപക്വതയാണെന്ന വിമർശനമാണ് കോൺഗ്രസ് നേതാക്കൾക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.