നട്ടാൽ മുളയ്ക്കാത്ത നുണയുമായി അനിൽ ആന്‍റണി; ബുർഖ ധരിക്കാതെ വടക്കൻ കേരളത്തിൽ ബസിൽ പോകാനാവില്ലെന്ന്

കോഴിക്കോട്: കേരളത്തിനെതിരെ സംഘ്പരിവാർ വിദ്വേഷ കേന്ദ്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തമാക്കുമ്പോൾ നട്ടാൽ മുളയ്ക്കാത്ത നുണയുമായി ബി.ജെ.പി ദേശീയ സെക്രട്ടറിയും മലയാളിയുമായ അനിൽ ആന്‍റണി. കാസർകോട് കുമ്പളയിൽ വിദ്യാർഥികളും ബസ് യാത്രക്കാരിയും തമ്മിലുണ്ടായ തർക്കത്തെ വർഗീയനിറം കലർത്തി സംഘ്പരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നതിനിടെയാണ് അനിൽ ആന്‍റണിയുടെ ട്വീറ്റ്. 'വടക്കൻ കേരളത്തിൽ ബുർഖ ധരിക്കാതെ ബസിൽ യാത്ര ചെയ്യാനാവില്ല' എന്നാണ് ട്വീറ്റിൽ പറയുന്നത്.

കേരളത്തിൽ ബുർഖ ധരിക്കാത്ത ഹിന്ദു സ്ത്രീയെ മുസ്ലിം വിദ്യാർഥിനികൾ ബസിൽ നിന്ന് ഇറക്കിവിടുന്നു എന്ന തലക്കെട്ടോടെയാണ് കുമ്പളയിലെ വിഡിയോ സംഘ്പരിവാർ കേന്ദ്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്. യഥാർഥത്തിൽ, കുമ്പളയിലെ ഒരു കോളജിലെ വിദ്യാർഥിനികളും ബസ് ജീവനക്കാരും തമ്മിലുണ്ടായ തർക്കമായിരുന്നു വിഡിയോ. ഇതിൽ ഇടപെട്ട ഒരു യാത്രക്കാരിയും വിദ്യാർഥിനികളും തമ്മിലാണ് വാഗ്വാദമുണ്ടായത്. സംഭവത്തിൽ യാതൊരു വർഗീയ ചുവയും ഇല്ലെന്ന് പൊലീസും വ്യക്തമാക്കിയിരുന്നു.

അനിൽ ആന്‍റണി ഡിലീറ്റ് ചെയ്ത ട്വീറ്റ് 

 

കേരളത്തിന്‍റെ മതേതരത്വത്തെ പരിഹസിച്ചുകൊണ്ടാണ് അനിൽ ആന്‍റണിയുടെ ട്വീറ്റ് വന്നത്. ഇതാണ് ഇൻഡ്യ മുന്നണിയും കോൺഗ്രസും സി.പി.എമ്മും രാജ്യമാകെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മതേതരത്വമെന്ന് അനിൽ പരിഹസിക്കുന്നു. ഹമാസിനെ ഭീകരർ എന്ന് വിളിച്ചതിന് ശശി തരൂർ നേരിട്ട വിമർശനത്തെയും ട്വീറ്റിൽ പരാമർശിക്കുന്നുണ്ട്. ഹമാസിന്‍റെ നടപടികളെ കോൺഗ്രസും സി.പി.എമ്മും സായുധ പ്രതിരോധമായാണ് കാണുന്നത്. ഈ രാഷ്ട്രീയ നേതൃത്വത്തിന് കീഴിൽ കേരളം മൗലികവാദത്തിന്‍റെയും തീവ്രവാദത്തിന്‍റെയും വിളനിലമാവുകയാണെന്നും അനിൽ ആന്‍റണി പറയുന്നു.

എന്നാൽ, കുമ്പളയിലെ സംഭവത്തിന്‍റെ യാഥാർഥ്യം സമൂഹമാധ്യമങ്ങൾ തുറന്നുകാട്ടിയതോടെ അനിൽ ആന്‍റണിക്ക് ട്വീറ്റ് ഡിലീറ്റ് ചെയ്യേണ്ടിവന്നു. അതേസമയം, കേരളത്തിൽ 'ശരീഅത്ത് പട്രോളിങ്' ആണെന്ന് പറയുന്ന മറ്റൊരു ട്വീറ്റ് പങ്കുവെച്ചത് ഡിലീറ്റ് ചെയ്യാതെയുണ്ട്.

ഫാക്ട് ചെക്കർ മുഹമ്മദ് സുബൈർ അനിൽ ആന്‍റണിയുടെ വിദ്വേഷ പ്രചാരണത്തെ എക്സിൽ തുറന്നുകാട്ടിയിട്ടുണ്ട്. മലയാളിയായിരുന്നിട്ട് പോലും യജമാനന്മാരെ പ്രീതിപ്പെടുത്താൻ നുണ പ്രചരിപ്പിക്കുകയാണ് അനിൽ ആന്‍റണിയെന്ന് സുബൈർ ട്വീറ്റ് ചെയ്തു. ഇതിന് മറുപടിയായി 'ഡിജിറ്റൽ ജിഹാദി ഫാക്ട് ചെക്കർ' എന്നാണ് സുബൈറിനെ അനിൽ ആന്‍റണി വിളിക്കുന്നത്. 

Tags:    
News Summary - Anil Antony communal hatred tweet against kerala bus incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.