അച്ഛനെ വലിച്ചിഴക്കേണ്ട; വീട്ടിൽ രാഷ്ട്രീയം ചർച്ചയായില്ലെന്ന് അനിൽ ആന്‍റണി

തിരുവനന്തപുരം: താൻ പ്രായപൂർത്തിയായ ആളാണെന്നും സ്വന്തം കാര്യങ്ങളിൽ തീരുമാനം എടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും എ.കെ. ആന്‍റണിയുടെ മകൻ അനിൽ. അച്ഛനെ ഇനി രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കേണ്ടതില്ല. അദ്ദേഹം ഇപ്പോൾ കോൺഗ്രസിന്റെ പ്രധാന സ്ഥാനങ്ങളിലൊന്നും ഇല്ല. ബി.ജെ.പി ജില്ല ഓഫിസിലെ സ്വീകരണത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അനിൽ.

പാർട്ടി മാറ്റത്തിനു ശേഷം ആദ്യമായാണ് അദ്ദേഹം കഴിഞ്ഞദിവസം തിരുവനന്തപുരത്തെ വീട്ടിലെത്തിയത്. വീട്ടിൽ അനിലിന്റെ തീരുമാനത്തോട് ആരെങ്കിലും യോജിപ്പോ വിയോജിപ്പോ അറിയിച്ചോയെന്ന ചോദ്യത്തോട് രാഷ്ട്രീയം ചർച്ചയായില്ലെന്നായിരുന്നു പ്രതികരണം. മാതാപിതാക്കളെയും സഹോദരനെയും കാണാനാണ് എത്തിയത്. വീട്ടിൽ രാഷ്ട്രീയം ചർച്ചയായില്ല. അച്ഛന്റെ കാലത്തെ കോൺഗ്രസ് അല്ല ഇപ്പോഴത്തെ കോൺഗ്രസ്. അച്ഛൻ പാർലമെന്‍ററി രാഷ്ട്രീയത്തിൽനിന്ന് വിരമിച്ചയാളാണ്.

കൊച്ചിയിലെ ‘യുവം’ പ്രസംഗത്തിൽ വന്നത് ചെറിയ പിശകാണ്. 25 വർഷംകൊണ്ട് മോദി ഇന്ത്യയെ വികസിത രാഷ്ട്രം ആക്കുമെന്നാണ് താനുദ്ദേശിച്ചതെന്നും അനിൽ കൂട്ടിച്ചേർത്തു. 125 വർഷംകൊണ്ട് ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റാനുള്ള കാഴ്ചപ്പാട് നരേന്ദ്ര മോദിക്കുണ്ട് എന്ന അനിലിന്‍റെ പരാമർശമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്.

Tags:    
News Summary - Anil Antony said that politics is not discussed at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.