പത്തനംതിട്ട: പിതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ. ആന്‍റണി പത്തനംതിട്ടയിൽ പ്രചാരണത്തിന് വരുന്നതിനോട് പ്രതികരിച്ച് എൻ.ഡി.എ സ്ഥാനാർഥി അനിൽ ആന്‍റണി. മോദി വന്ന പത്തനംതിട്ടയിൽ മറ്റാരും വന്ന് പ്രചാരണം നടത്തിയിട്ട് കാര്യമില്ലെന്ന് അനിൽ ആന്‍റണി വ്യക്തമാക്കി.
84 വയസുള്ള പിതാവ് പാർലമെന്‍ററി രാഷ്ട്രീയത്തിൽ നിന്ന് രണ്ട് വർഷം മുമ്പ് വിരമിച്ചു. രാഹുൽ ഗാന്ധി അടക്കം സജീവമായി നിൽക്കുന്ന കോൺഗ്രസിലെ മുതിർന്ന നേതാക്കൾ പത്തനംതിട്ടയിൽ വന്നിട്ട് കാര്യമില്ല. മോദി വന്ന് ഉണ്ടാക്കിയ ഒരു മിനിറ്റിന്‍റെ ഇംപാക്ട് പോലും മറ്റൊരു നേതാവിന് ഉണ്ടാക്കാൻ സാധിക്കില്ലെന്നും അനിൽ ആന്‍റണി വ്യക്തമാക്കി.
മകൻ എന്ന നിലയിൽ മാതാപിതാക്കളുടെ അനുഗ്രഹം തനിക്കുണ്ട്. രാഷ്ട്രീയമായി രണ്ട് അഭിപ്രായമാണുള്ളത്. വ്യക്തിപരമായി രാഷ്ട്രീയം സംസാരിക്കാറില്ല. തന്‍റെ രാഷ്ട്രീയവുമായി മുന്നോട്ടു പോകുമെന്നും അനിൽ ആന്‍റണി പറഞ്ഞു.
ക്രൈസ്തവരുടെ പള്ളി അടക്കമുള്ള സ്ഥാപനങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ കേന്ദ്ര സർക്കാറിന് പങ്കുണ്ടോ എന്ന് സംശയിക്കുന്നുവെന്ന സീറോ മലബാർ സഭ വക്താവിന്‍റെ ആരോപണം അനിൽ ആന്‍റണി തള്ളി. രാഷ്ട്രീയ എതിരാളികൾ വ്യാജ പ്രചരണം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളെ വർഗീയവത്കരിക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നാണ് സഭയുടെ ഏറ്റവും മുകളിലുള്ള ആൾ പറഞ്ഞത്. സഭയിലെ എല്ലാവരുമായി ഇക്കാര്യം സംസാരിച്ചതാണ്. യാഥാർഥ്യം എല്ലാവർക്കും അറിയാമെന്നും അനിൽ ആന്‍റണി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.