കേസിൽ കുടുക്കുമെന്ന് അറിയാമായിരുന്നു, സത്യം കാലം തെളിയിക്കുമെന്ന് അഞ്ജലി റീമ ദേവ്

കോഴിക്കോട്: ഫോർട്ട് കൊച്ചിയിലെ 'നമ്പർ 18' ഹോട്ടൽ ഉടമ റോയ് വയലാറ്റിൽ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതികരണവുമായി കേസിൽ പ്രതി ചേർക്കപ്പെട്ട അഞ്ജലി റീമദേവ്. സത്യം കാലം തെളിയിക്കുമെന്ന് അഞ്ജലി ഫേസ്ബുക്കിൽ കുറിച്ചു.

തനിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങൾ തെറ്റാണെന്ന് കഴിഞ്ഞ ദിവസം എഫ്.ബിയിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ അഞ്ജലി വ്യക്തമാക്കുന്നു. തന്നെ നശിപ്പിക്കാൻ ചിലർ നടത്തുന്ന പ്രചാരണങ്ങളാണിത്. ആരോപണങ്ങളെല്ലാം സ്വയം രക്ഷപ്പെടാനുള്ള പരാതിക്കാരിയുടെ തന്ത്രമാണ്. മനസിൽ പോലും ചിന്തിക്കാത്ത കുറ്റങ്ങളാണ് ആരോപിക്കുന്നത്. ആരോപണങ്ങളെല്ലാം വ്യാജമാണ്.

19 വയസ് മുതൽ കഷ്ടപ്പെട്ട് താൻ നേടിയ ഉന്നതിയാണ് ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കിയത്. പലർക്കും താൻ പണം കൊടുക്കാനുണ്ട്. അതിന് കണക്കുണ്ട്. ബിസിനസ് ശക്തിപ്പെടുത്താൻ പണം കടം വാങ്ങിയിട്ടുണ്ട്. താൻ മോശം രീതിയിലേക്ക് കൊണ്ടുപോയെന്ന് തന്‍റെ ഓഫീസിലെ ഒരു ജീവനക്കാരിയും പറയില്ല.

തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മയക്കുമരുന്ന് ഡീലർ, ഹണിട്രാപ്പ്, കള്ളപ്പണം, പണംത്തട്ടിപ്പ് അടക്കമുള്ള ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിക്കുന്നത്. ഇതെല്ലാം ആരാണ് ചെയ്യുന്നതെന്ന് അറിയാം. ഇക്കാര്യങ്ങൾ പുറത്തു പറയാതിരിക്കാനാണ് ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത്. തന്‍റെ ജീവിതം തകർത്ത ആരെയും വെറുതേവിടില്ലെന്നും അവരുടെ യഥാർഥ മുഖം പുറത്തു കൊണ്ടുവരുമെന്നും അഞ്ജലി പറയുന്നു.

Full View

കോഴിക്കോട് സ്വദേശിയായ അമ്മയും മകളും നൽകിയ പരാതിയിലാണ് ഫോർട്ട്‌ കൊച്ചിയിലെ 'നമ്പർ 18' ഹോട്ടൽ ഉടമ റോയ് ജെ. വയലാറ്റിനെതിരെ പോക്സോ കേസെടുത്തത്. ഫോർട്ട്‌ കൊച്ചി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചനും സൈജുവിന്‍റെ സുഹൃത്തും കോഴിക്കോട് സ്വദേശിയുമായ അഞ്ജലിയും പ്രതികളാണ്. കേസെടുത്ത സാഹചര്യത്തിൽ പ്രതികൾ മുൻകൂർ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.

2021 ഒക്ടോബറിൽ ഹോട്ടലിൽവെച്ച് റോയി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. പീഡന ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തി. പൊലീസിൽ പരാതി നൽകിയാൽ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.

മോഡലുകളുടെ അപകട മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് പീഡന കേസും കൈമാറിയിട്ടുണ്ട്. പരാതിക്കാരായ അമ്മയുടെയും മകളുടെയും മൊഴി ഉടൻ രേഖപ്പെടുത്തും. നവംബർ ഒന്നിന് രാത്രി പാലാരിവട്ടം ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ മോഡലുകൾ മരിച്ച കേസിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്.

Tags:    
News Summary - Anjali Reema Dev React to file Pocso Case against Roy Vayalat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.