കോഴിക്കോട്: ‘എനിക്കെന്റെ മോനെ തിരിച്ചുകിട്ടണം. അവനീ കുടുംബത്തിന്റെ തൂണാണ്. അവനാ ഞങ്ങളെ നോക്കുന്നത്’ -കർണാടകയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ (30) പിതാവ് പ്രേമന്റെ വാക്കുകളിടറി. കണ്ണുകളിലെ തോരാമഴയിൽ കാഴ്ചകൾ മങ്ങി. കേട്ടുനിന്നവരുടെ കണ്ണുകളിലും ആ കാഴ്ച ഈറൻ പടർത്തി. ഈ മാസം എട്ടിന് മരം കയറ്റാൻ കർണാടകയിലേക്ക് പോയ പ്രിയ മകന്റെ തിരിച്ചുവരവിന്റെ നല്ല വാർത്തക്കായി കാതോർത്തിരിക്കുകയാണ് കണ്ണാടിക്കലിലെ മൂലാടിക്കുഴിയിൽ പ്രേമനും കുടുംബവും.
കിണർ ജോലിക്കിടെ തനിക്ക് അപകടം പറ്റിയതുമുതൽ പഠനം നിർത്തി അവൻ ജോലിക്കു പോയാണ് കുടുംബം പുലർത്തുന്നതെന്ന് പ്രേമൻ പറഞ്ഞു. പത്താം ക്ലാസിനുശേഷം കക്കോടിയിലെ തുണിക്കടയിൽ ജോലിക്കുപോയി. പെയിന്റിങ് ജോലിയുമെടുത്തു. ആറേഴു വർഷമായി ലോറി ഡ്രൈവറാണ്. ഈ ജോലി നിർത്താൻ അവനോട് പലതവണ പറഞ്ഞിട്ടുണ്ട്. എനിക്ക് അവനിവിടെയില്ലാതെ പറ്റില്ല. അതിനാൽ ഇവിടെ വല്ല ജോലിയും നോക്കാൻ പറഞ്ഞതാ. കൂട്ടാക്കിയില്ല. ലോറിയിൽ പോയാൽ ഒന്നും രണ്ടും ആഴ്ച കഴിഞ്ഞാണ് തിരിച്ചുവരുക. ദിവസവും അഞ്ചാറു തവണയെങ്കിലും വീട്ടിലേക്ക് വിളിക്കും. വിഡിയോ കാളും ചെയ്യാറുണ്ട്. മൂന്ന് നാലു ദിവസമായി ഒരുവിവരവും ലഭിക്കാതെ തീതിന്നാണ് ഞങ്ങൾ ജീവിക്കുന്നത് -പ്രേമൻ തുടർന്നു.
കഴിഞ്ഞ 15ന് രാത്രി ഒമ്പതുമണിയോടെയാണ് അർജുൻ അവസാനമായി ഭാര്യ കൃഷ്ണപ്രിയയുമായി സംസാരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ എട്ടു വരെ അവന്റെ ഫോൺ റിങ് ചെയ്തതായി ബന്ധുക്കൾ പറയുന്നു. പിന്നീട് ഫോൺ പ്രവർത്തനരഹിതമാണ്. കർണാടകയിലേക്കും മറ്റുമുള്ള ദീർഘദൂര യാത്രക്കാർ വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ ഗോർകർണത്തെ ലക്ഷ്മണന്റെ കടക്കരികിൽ വാഹനം നിർത്താറുണ്ടെന്ന് മറ്റൊരു ലോറിയിലെ ഡ്രൈവറായ സമീർ പറഞ്ഞു. ഭാരത് ബെൻസിന്റെ അത്യാധുനിക സൗകര്യമുള്ള ലോറിയായതിനാൽ വ്യാഴാഴ്ച വരെ ജി.പി.എസ് പ്രവർത്തിച്ചിരുന്നു. എം.കെ. രാഘവൻ എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, കലക്ടർ സ്നേഹിൽ കുമാർ സിങ് എന്നിവർ അർജുന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.