കൊച്ചി: നാടകാന്ത്യം മംഗളസ്തുതി പാടി സദസ്സിനെ വണങ്ങാൻ ആൻ ഇനിയില്ല. മാലാഖയായി വേദിയിൽ നിറഞ്ഞ അവളുടെ കുഞ്ഞോർമകൾ ഒരു നാടിന്റെ വിങ്ങലാകുന്നു. കുസാറ്റ് ദുരന്തത്തിൽ മരിച്ച ഗോതുരുത്ത് കോനത്ത് വീട്ടിൽ ആൻ റിഫ്ത്തയുടെ പിതാവും പ്രശസ്ത ചവിട്ടുനാടക ആശാനുമായ റോയിക്ക് മകളുടെ വിയോഗം താങ്ങാനാകുന്നതിലുമപ്പുറമാണ്.
സ്ഥിരം ജേതാക്കളായ സ്കൂളുകളെ പിന്നിലാക്കിയാണ് റോയി പരിശീലിപ്പിച്ച അങ്കമാലി ഡീപോളിലെ കുട്ടികൾ വെള്ളിയാഴ്ച എറണാകുളം ജില്ല കലോത്സവത്തിലെ എച്ച്.എസ് വിഭാഗം ചവിട്ടുനാടകത്തിൽ ഒന്നാമതെത്തിയത്. ഈ സന്തോഷത്തിൽനിന്ന് സങ്കടത്തുരുത്തിലേക്ക് റോയിക്കുണ്ടായിരുന്നത് ഒരു പകലിന്റെ ദൂരം മാത്രമായിരുന്നു. കുറുമ്പത്തുരുത്ത് യുവകേരള കലാസമിതിയുടെ ആശാനായ ഇദ്ദേഹം മകൾ ആൻ റിഫ്ത്തയെയും ചെറുപ്പത്തിലേ വേദിയിലെത്തിച്ചിരുന്നു. പ്രശസ്ത ചവിട്ടുനാടക ആചാര്യൻ ജോർജ് കുട്ടിയാശാന്റെ പേരക്കുട്ടിയായ ആൻ ചെറിയ വേഷങ്ങളിൽ തുടങ്ങി പിന്നീട് മാലാഖയുടെ വേഷത്തിലുമെത്തി. ശേഷം കൂടുതൽ സജീവമായി രാജകുമാരിയായും രാജ്ഞിയായുമൊക്കെ ചവിട്ടുനാടകങ്ങളിൽ തിളങ്ങി.
വീട്ടിലെത്തുന്ന കുട്ടികളെ ചവിട്ടുനാടകം പഠിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനകം നൂറോളം വേദികളിൽ ചവിട്ടുനാടകം അവതരിപ്പിച്ചു.
പള്ളിയിലെ ക്വയർ സംഘത്തിലും സജീവമായിരുന്ന ആൻ മറ്റ് നാടകങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. കുട്ടിക്കാലം മുതൽ പഠനത്തിലും മിടുക്കിയാണ്. അപകടമുണ്ടായ ശനിയാഴ്ച വൈകീട്ട് ആനിന്റെ ഫോണിലേക്ക് വീട്ടിൽനിന്ന് പലവട്ടം വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. പിന്നീട് ഒരു സുഹൃത്താണ് ഫോണെടുത്ത് ആന് ശ്വാസംമുട്ടലുണ്ടായി ആശുപത്രിയിലാണെന്ന് അറിയിച്ചത്. ജോലി തേടി ഇറ്റലിയിലേക്ക് പോയ അമ്മ സിന്ധു മടങ്ങിയെത്തിയശേഷം സംസ്കാരം ചൊവ്വാഴ്ച നടക്കും. മൃതദേഹം നിലവിൽ പറവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.