തിരുവനന്തപുരം: മാനവീയം വീഥിയിലെ നൈറ്റ് ലൈഫിനിടെ വീണ്ടും ആക്രമണം. അർധരാത്രിയോടെ മദ്യപിച്ചെത്തിയ സംഘമാണ് പൊലീസിന് നേരെ കല്ലെറിഞ്ഞത്. കല്ലേറിൽ നെട്ടയം സ്വദേശിയായ സ്ത്രീയുടെ തലക്ക് പരിക്കേറ്റു. സംഭവത്തിൽ നെട്ടയം, നെയ്യാറ്റിൻകര സ്വദേശികളായ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പാട്ടും ഡാൻസും നടക്കുന്നതിനിടെ അക്രമിസംഘം കസേരകൾ തള്ളിമാറ്റുകയും അക്രമാസക്തരായി പെരുമാറുകയുമായിരുന്നു. ഇതോടെ സ്ഥലത്തെത്തിയ പൊലീസ് ഇവരെ ആൽത്തറ പരിസരത്തേക്ക് മാറ്റി. ഇതോടെ അക്രമിസംഘം പൊലീസിന് നേരെ കല്ലെറിയുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി മാനവീയം വീഥിയില്‍ ജനമധ്യത്തില്‍ യുവാക്കള്‍ തമ്മിലേറ്റുമുട്ടിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. കേരളീയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്കിടയിൽ യുവാക്കള്‍ ഏറ്റുമുട്ടിയത്.
പൊലീസെത്തി ഇവരെ പിന്തിരിപ്പിച്ച് പറഞ്ഞുവിടുകയായിരുന്നു. ആർക്കും പരാതിയില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തതുമില്ല. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ വിവാദമായി. മാനവീയം വീഥിയെ നൈറ്റ് ലൈഫിൽ നിന്ന് ഒഴിവാക്കണമെന്നുവരെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. ഇതോടെയാണ് സംഭവത്തിൽ സർക്കാർ നിർദേശപ്രകാരം മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചത്. അക്രമത്തിനിരയായ പൂന്തുറ സ്വദേശിയിൽ നിന്ന് മൊഴിയെടുത്ത് കേസെടുക്കുകയായിരുന്നു.
ശനിയാഴ്ച പുലർച്ചെ മാനവീയം വീഥിയിൽ കലാപരിപാടിക്കിടെ സഹോദരന്മാരെ സംഘം ചേർന്ന് വളഞ്ഞിട്ടുതല്ലിയ സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി. തൈക്കാട് മേലാറന്നൂർ സ്വദേശി ശിവ (19)യെ ആണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമിസംഘത്തിലുണ്ടെന്നുകരുതുന്ന മൂന്നുപേർ കസ്റ്റഡിയിലുണ്ട്.
കലാപരിപാടി കാണാനെത്തിയ പൂന്തുറ സ്വദേശി അക്സലൻ (27), അനുജൻ ജനീഷ് എന്നിവരെ ഒരു സംഘം ആളുകൾ വളഞ്ഞിട്ട് മർദിച്ചെന്നാണ് കേസ്. അക്രമത്തിൽ അക്സലന്റെ തലക്ക് പരിക്കേൽക്കുകയും ചെയ്തു. കലാപരിപാടി നടക്കുമ്പോൾ റോഡിൽ നൃത്തംവെച്ചതിന്റെ പേരിലായിരുന്നു ആക്രമണം.
അക്സലനെ അക്രമി സംഘം നിലത്തുതള്ളിയിട്ട് മർദിക്കുകയും ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും സംഭവം വിവാദമാകുകയും ചെയ്തതോടെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.