കണ്ണൂരിൽ രണ്ടാം ദിനവും നിധി; പുരാവസ്തു വകുപ്പ് അധികൃതർ നാളെയെത്തും

ശ്രീകണ്ഠപുരം: ചെങ്ങളായി പരിപ്പായിൽ കഴിഞ്ഞ ദിവസം സ്വര്‍ണം, വെള്ളി ശേഖരം ഉൾപ്പെടുന്ന നിധി കണ്ടെത്തിയതിന് സമീപത്തുനിന്ന് ശനിയാഴ്ച വീണ്ടും നിധി കണ്ടെത്തി. അഞ്ച് വെള്ളി നാണയങ്ങളും രണ്ട് സ്വര്‍ണ മുത്തുമണികളുമാണ് കണ്ടെത്തിയത്. അതിലൊന്ന് വലുതാണ്. പരിപ്പായി ഗവ. യു.പി സ്കൂളിന് സമീപത്തെ പുതിയപുരയില്‍ താജുദ്ദീന്റെ റബര്‍ തോട്ടത്തില്‍നിന്നാണ് ശനിയാഴ്ച രാവിലെ വീണ്ടും നിധി കണ്ടെത്തിയത്. വെള്ളി നാണയങ്ങളില്‍ അറബി എഴുത്തും കാണപ്പെട്ടു. നിധിയുടെ പരിശോധനക്കായി പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ തിങ്കളാഴ്ചയെത്തും.

കഴിഞ്ഞ ദിവസം 17 മുത്തുമണികൾ, 13 സ്വര്‍ണ ലോക്കറ്റുകള്‍, കാശിമാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കങ്ങള്‍, പഴയകാലത്തെ അഞ്ച് മോതിരങ്ങള്‍, ഒരു സെറ്റ് കമ്മല്‍, നിരവധി വെള്ളി നാണയങ്ങള്‍, ഇത് സൂക്ഷിച്ചുവെന്ന് കരുതുന്ന ഭണ്ഡാരം പോലുള്ള വസ്തു എന്നിവയാണ് കണ്ടെത്തിയത്. സുജാതയുടെ ചുമതലയിലുള്ള 19 അംഗ തൊഴിലുറപ്പ് ജീവനക്കാരാണ് റബര്‍ തോട്ടത്തില്‍ മഴക്കുഴി നിർമിക്കുന്നതിനിടയില്‍ നിധിശേഖരം കണ്ടെത്തിയത്.

ഒരു മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്തപ്പോഴാണ് ഇവ ശ്രദ്ധയില്‍പ്പെട്ടത്. ചിതറിക്കിടക്കുന്ന നിലയിലായിരുന്നു ആഭരണങ്ങളും നാണയങ്ങളും. തുടര്‍ന്ന് തൊഴിലാളികള്‍ പൊലീസില്‍ വിവരമറിയിച്ചു. ശ്രീകണ്ഠപുരം എസ്.ഐ എം.വി. ഷീജുവിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സ്വര്‍ണം, വെള്ളി ശേഖരം കസ്റ്റഡിയിലെടുത്തു. ഇവ വെള്ളിയാഴ്ച തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി. നിലവിൽ സബ് ഡിവിഷനൽ മജിസ്ട്രേറ്റിന്റെ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശനിയാഴ്ച കണ്ടെത്തിയവയും കോടതിയിൽ കൈമാറും. ഇതു സംബന്ധിച്ച വിവരങ്ങൾ പുരാവസ്തു വകുപ്പിനെയും അറിയിച്ചിട്ടുണ്ട്.

പുരാവസ്തു വകുപ്പിന്റെ പരിശോധനയില്‍ മാത്രമേ കാലപ്പഴക്കം സ്ഥിരീകരിക്കാനാവൂ. എങ്കിലും കണ്ടെടുത്ത സ്വര്‍ണാഭരണങ്ങള്‍ക്കും വെള്ളി നാണയങ്ങള്‍ക്കും ഏറെക്കാലത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

പരിശോധിച്ച ശേഷം ഏറ്റെടുക്കുമെന്ന് മന്ത്രി

കണ്ണൂർ: ചെങ്ങളായി പരിപ്പായി ഗവ. യു.പി സ്കൂളിന് സമീപം റബര്‍ തോട്ടത്തില്‍നിന്ന് കണ്ടെത്തിയ നിധിശേഖരം പരിശോധിച്ച ശേഷം പുരാവസ്തു വകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി.റവന്യൂ വകുപ്പിന്റെ കൈവശമുള്ള നിധിശേഖരം പരിശോധിക്കാൻ പുരാവസ്തു ഡയറക്ടർക്ക് നിർദേശം നൽകി. പരിശോധനയിൽ പുരാവസ്തുവാണെന്ന് സ്ഥിരീകരിച്ചാൽ ഏറ്റെടുക്കൽ നടപടി സ്വീകരിക്കും-മന്ത്രി പറഞ്ഞു.

Tags:    
News Summary - Another Hidden Treasure Unearthed in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.