കൊച്ചി: ഭൂമി തരംമാറ്റാനുള്ള അവസരം മറയാക്കി സംസ്ഥാനത്ത് അനധികൃത നിലംനികത്തൽ വ്യാപകം. ഇത്തരത്തിൽ 440.91 ഹെക്ടർ നിലം നികത്തിയതായാണ് റവന്യൂ വകുപ്പിന്റെ കണ്ടെത്തൽ. നിലം പൂർവസ്ഥിതിയിലാക്കണമെന്ന് കാണിച്ച് ഈ സ്ഥലത്തിന്റെ ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
വിവിധ ജില്ലകളിലായി അനധികൃത നിലംനികത്തലുമായി ബന്ധപ്പെട്ട് 1218 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അനധികൃത നിലംനികത്തൽ ഏറ്റവും കൂടുതൽ തിരുവനന്തപുരം ജില്ലയിലാണ് -31 ഇടങ്ങളിലായി 238.28 ഹെക്ടർ. കാസർകോട് ജില്ലയിലാണ് കുറവ്. ആറിടങ്ങളിലായി 0.23 ഹെക്ടറാണ് ഇവിടെ നികത്തിയത്. 2008ലെ കേരള നെൽവയൽ തണ്ണീർത്തട നിയമപ്രകാരമാണ് ഭൂമി തരംമാറ്റം അനുവദിച്ചിട്ടുള്ളത്. ഡേറ്റ ബാങ്കിൽ ഉൾപ്പെടാത്തതും റവന്യൂ രേഖകളിൽ നിലമായി തുടരുന്നതും 2008നുമുമ്പ് നികന്നതോ നികത്തപ്പെട്ടതോ ആയതുമായ ഭൂമി മാത്രമേ തരംമാറ്റി നൽകാവൂ എന്നാണ് വ്യവസ്ഥ.
വില്ലേജ് ഓഫിസർ, കൃഷി ഓഫിസർ എന്നിവരുടെ റിപ്പോർട്ടിന്റെയും ആവശ്യമെങ്കിൽ സ്ഥലപരിശോധനയുടെയും അടിസ്ഥാനത്തിൽ ആർ.ഡി.ഒ ആണ് തരംമാറ്റം അനുവദിക്കുക. എന്നാൽ, ഈ അവസരം മുതലാക്കി കൃത്രിമമായി രേഖകൾ ചമച്ചും ഉദ്യോഗസ്ഥരെ സ്വാധീനിച്ചും നെൽവയലുകളും തണ്ണീർത്തടങ്ങളും വ്യാപകമായി നികത്തുന്നതായാണ് കണ്ടെത്തൽ.
ഭൂമി തരംമാറ്റത്തിന് സഹായം വാഗ്ദാനം ചെയ്യുന്ന ബോർഡുകൾ പലയിടത്തും സ്ഥാപിച്ച് റവന്യൂ വകുപ്പിൽനിന്ന് വിരമിച്ച ചില ഉദ്യോഗസ്ഥരും ഇതിന് ഒത്താശ ചെയ്യുന്നതായി സൂചനയുണ്ട്. അനധികൃതമായി നികത്തിയതായി കണ്ടെത്തിയ സ്ഥലത്തെ മണ്ണ് മാറ്റുന്നത് സംബന്ധിച്ച ശിപാർശകൾ സമർപ്പിക്കാൻ ലാൻഡ് റവന്യൂ കമീഷണർക്ക് സർക്കാർ നിർദേശം നൽകിയിരിക്കുകയാണ്.
(ഹെക്ടറിൽ)
തിരുവനന്തപുരം: 238.28
കൊല്ലം: 15.15
പത്തനംതിട്ട: 5.49
ആലപ്പുഴ: 78.00
കോട്ടയം: 29.15
ഇടുക്കി: 5.60
എറണാകുളം: 12.52
തൃശൂർ: 18.28
പാലക്കാട്: 3.89
മലപ്പുറം: 15.22
കോഴിക്കോട്: 7.02
വയനാട്: 10.75
കണ്ണൂർ: 1.29
കാസർകോട്: 0.23
നിലം അനധികൃതമായി നികത്തിയതായി ശ്രദ്ധയിൽപ്പെട്ടാൽ കക്ഷികളെ നേരിൽ കേട്ടശേഷം ഭൂമി പൂർവസ്ഥിതിയിലാക്കാൻ ഉത്തരവ് നൽകുകയാണ് പതിവ്. ഉടമ സ്വന്തം ചെലവിൽ മണ്ണ് നീക്കി സ്ഥലം പൂർവസ്ഥിതിയിലാക്കണം. ഇല്ലെങ്കിൽ സർക്കാർതന്നെ പൂർവസ്ഥിതിയിലാക്കുകയും നികത്തിയവരിൽനിന്ന് ഇതിന് ചെലവായ തുക റവന്യൂ റിക്കവറി നടപടികളിലൂടെ തിരിച്ചുപിടിക്കുകയും ചെയ്യും. ഇതിന് ലാൻഡ് റവന്യൂ കമീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അനധികൃത നികത്തലിന് മണ്ണടിക്കുന്ന വാഹനം കണ്ടുകെട്ടുകയോ വാഹനവിലയുടെ ഒന്നര മടങ്ങ് പിഴ ഈടാക്കുകയോ ചെയ്യാനും വ്യവസ്ഥയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.