തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിന്‍റെ റെയിൽവേ സ്റ്റേഷന്‍റെ അടിയിലൂടെ പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലമുള്ള വിവിധ പ്രശ്നങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ 11:30ന് ഓൺലൈൻ ആയാണ് യോഗം ചേരുക.
തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം - റെയിൽവേ, ആരോഗ്യം, ജലവിഭവ വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എം.എൽ.എമാരും തിരുവനന്തപുരം മേയറും പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടാകും.
കഴിഞ്ഞ ദിവസം ആമയിഴഞ്ചൻ തോടിൽ ശുചീകരണത്തിനിറങ്ങിയ തൊഴിലാളി നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശി ജോയിയെ ഒഴുക്കിൽപെട്ട് കാണാതാകുകയും മൂന്നു ദിവസം നീണ്ട തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്.
ജോയിയുടെ മൃതദേഹം റെയിൽവേ ടണൽ കടന്ന് ഒരു കിലോമീറ്ററോളം ഒഴുകി മാലിന്യക്കൂമ്പാരത്തിൽ തടഞ്ഞ് നിൽക്കുകയായിരുന്നു. അഗ്നി രക്ഷാസേന, സ്കൂബ ഡൈവിങ് ടീം, എൻ.ഡി.ആർ.എഫ്, നാവികസേന തുടങ്ങി വിവിധ സംഘങ്ങൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. റെയില്‍പാളത്തിന് അടിയിലൂടെ തോട് കടന്നുപോകുന്ന തുരങ്ക സമാനമായ സ്ഥലത്ത് മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ അതിസാഹസികമായാണ് തിരച്ചിൽ നടത്തിയത്. മാലിന്യം നീക്കാൻ റോബോട്ടിന്റെ സഹായവും ഉപയോഗപ്പെടുത്തിയെങ്കിലും നിരാശയായിരുന്നു ഫലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.