അട്ടപ്പാടിയിൽ വീണ്ടും വൻ ഭൂമി തട്ടിപ്പ്: വട്ടലക്കി ഫാമിങ് സൊസൈറ്റിയുടെ 504 ഏക്കർ ഭൂമി ആരുടെ കൈവശം?

കോഴിക്കോട്: അട്ടപ്പാടി വട്ടലക്കി ഫാമിങ് സൊസൈറ്റിയുടെ ഭൂമി അന്യാധീനപ്പെട്ടതായി ലാൻഡ് റവന്യൂ കമീഷണർക്ക് പരാതി. അട്ടപ്പാടി അഗളി വില്ലേജിൽ 742 സർവേ നമ്പരിൽ വട്ടലക്കി ഗിരിജൻ കോ- ഓപ്പറേറ്റീവ് ഫാമിങ് സൊസൈറ്റിയുടെ കീഴിലുള്ള നായ്ക്കർപ്പാടി ഫാമിനുവേണ്ടി 504 ഏക്കർ (204 ഹെക്ടർ) ഭൂമി അനുവദിച്ചിരുന്നു. ഈ ഭൂമിയിലെ കൈയേറ്റങ്ങളും ഉടമസ്ഥതാവകാശവും പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് വട്ടലക്കി ഫാമിൽ താമസക്കാരനായ ടി.ആർ. ചന്ദ്രനാണ് ലാൻഡ് റവന്യൂ കമ്മീഷണർക്ക് പരാതി നൽകിയത്.

നിക്ഷിപ്ത വനഭൂമി പതിച്ചു നൽകാൻ നിയോഗിച്ച പ്രത്യേക തഹസിൽദാർ 1980 നവംബർ 28ന് ഈ ഭൂമി വട്ടലക്കി ഫാമിന് കൈമാറിയെന്നാണ് രേഖ. നിക്ഷിപ്ത വനഭൂമി അഞ്ച് ഏക്കർവീതം ആദിവാസി കുടുംബങ്ങൾക്ക് പതിച്ചുകൊടുത്തുവെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. ഫാമിങ് സൊസൈറ്റി ചെയർമാൻ പാലക്കാട് കലക്ടറാണ്. അതിനാൽ ഫാമിന്റെ ഭൂമി സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കലക്ടർക്കാണ്. എന്നാൽ, ഭൂമിയിൽ വ്യാപകമായ കൈയേറ്റം നടന്നുവെന്നാണ് പരാതി. ഈ ഭൂമി വ്യാജരേഖയുണ്ടാക്കി കൈയേറ്റം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന് ടി.ആർ. ചന്ദ്രൻ പരാതിയിൽ ആവശ്യപ്പെട്ടു.

നായ്ക്കർപാടിയിലെ നിക്ഷിപ്ത വനഭൂമിയുമായി ബന്ധപ്പെട്ട ഫയലുകളൊന്നും ലഭ്യമല്ലെന്നാണ് വിവരാവകാശ നിയമപ്രകാരം കലക്ടറുടെ കാര്യലായം നൽകിയ മറുപടി. അട്ടപ്പാടി ഐ.ടി.ഡി.പി ഓഫിസിൽ ഇതു സംബന്ധിച്ച് രേഖപ്പെടുത്തലുണ്ട്. എന്നാൽ, ഫാമിന്റെ ഭൂമി സംബന്ധിച്ച് ഫയലുകൾ ഐ.ടി.ഡി.പിയിലും സൂക്ഷിച്ചിട്ടില്ല.


1981 ജൂൺ 11ന് മണ്ണാർക്കാട് സ്പെഷ്യൽ തഹസിൽദാർ വട്ടലക്കി ഗിരിജൻ സഹകരണ ഫാമിങ് സൊസൈറ്റിക്ക് എഴുതിയ കത്തിൽ ഭൂമിയുടെ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നിക്ഷിപ്ത വനഭൂമി വനംവകുപ്പ് 1980 നവംമ്പർ 28ന് സൊസൈറ്റിക്ക് കൈമാറിയെന്ന് കത്തിൽ രേഖപ്പെടുത്തിയത്.

സർവേ വിഭാഗം നിക്ഷിപ്ത വനഭൂമിയുടെ സ്കെച്ചും തയാറാക്കിയിരുന്നു. 1983ൽ പാലക്കാട് കലക്ടർ അട്ടപ്പാടി ഐ.ടി.ഡി.പി ഓഫിസർക്ക് എഴുതിയ കത്ത് പ്രകാരം ഭൂമിയുടെ കസ്റ്റോഡിയൻ വട്ടലക്കി സൊസൈറ്റി സെക്രട്ടറിയാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഭൂമിയിലെ മരങ്ങളുടെ മൂല്യം ഡി.എഫ്.ഒ കണക്കാക്കണമെന്നും കത്തിൽ പറയുന്നു. 1980 വനംമ്പർ 10ലെ കത്ത് പ്രകാരം 50 ഏക്കർ ഭൂമി മൃഗസംരക്ഷണവകുപ്പിന് ആട് ഫാം തുടങ്ങുന്നതിനായി കൈമാറിയിരുന്നു. ആട്ടപ്പാടി ബ്ലാക്ക് എന്ന് അറിയപ്പെടുന്ന ആടുകളുടെ സംരക്ഷണത്തിനാണ് ഫാം തുടങ്ങിയത്.

ആദിവാസികളുടെ പുനരധിവാസത്തിന് അനുവദിച്ച ഭൂമി മറ്റൊരാവശ്യത്തിനും ഉപയോഗിക്കരുതെന്ന വ്യവസ്ഥയോടെയാണ് കേന്ദ്ര സർക്കാർ നിക്ഷപ്ത വനഭൂമി കൈമാറിയത്. എന്നാൽ, റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഈ ഭൂമി പലരും കൈയേറിയെന്നാണ് ലാൻഡ് റവന്യൂ കമീഷണർക്ക് അയച്ച പരാതിയിലെ ആരോപണം. അട്ടപ്പാടിയിൽ ആദിവാസി കുടുംബങ്ങളുടെ ഭൂമി കൈയേറുന്നതുപോലെ ഫാമിങ് സൊസൈറ്റിയുടെ ഭൂമിക്കും വ്യജരേഖയുണ്ടാക്കി കൈയേറിയെന്നാണ് ആക്ഷേപം. പട്ടികവർഗ വകുപ്പിന്റെ നിന്ത്രണത്തിലാണ് ഫാം പ്രവർത്തിക്കുന്നത്. ഫാമിങ് സൊസൈയിറ്റിയുടെ പ്രസിഡന്റ് കലക്ടറും വൈസ് പ്രസിഡന്റ് ഐ.ടി.ഡി.പി ഓഫിസറുമാണ്. അവരാണ് ഇ ക്കാര്യത്തിൽ മറുപടി പറയേണ്ടത്.   

Tags:    
News Summary - Another huge land scam in Attapadi: Who owns the 504 acres of Vattalakki Farming Society's land?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.