സി.പി.എമ്മിനെതിരെ നിൽക്കുന്നവർ സംഘടിതമായി ആക്രമിക്കുന്നു -രഞ്ജിത്ത്

കോഴിക്കോട്: കേരള സർക്കാറിനെതിരെയും സി.പി.എം എന്ന പാർട്ടിക്കെതിരെയും വലതുപക്ഷ നിലപാടുകളുള്ളവരും മാധ്യമപ്രവർത്തകരും സംഘടിതമായിത്തന്നെ തന്നെ ആക്രമിക്കുകയാണെന്ന് സംവിധായകൻ രഞ്ജിത്ത്. ബംഗാളി നടിയുടെ ആരോപണത്തെ തുടർന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് പുറത്തുവിട്ട സന്ദേശത്തിലാണ് രഞ്ജിത്ത് ഇക്കാര്യം പറഞ്ഞത്. താൻ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം എന്ന് ഏറ്റെടുത്തോ, അന്നുമുതൽ ഒരു സംഘം ആളുകൾ നടത്തിയ ശ്രമമാണ് ശ്രീലേഖ മിത്രയുടെ ആരോപണം എന്ന നിലയിൽ പുറത്തേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു. നടിക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും വക്കീലുമായി ബന്ധപ്പെട്ട് തീരുമാനത്തിലെത്തിയിടുണ്ടെന്നും രഞ്ജിത്ത് അറിയിച്ചു.

‘എനിക്കെതിരെ, വ്യക്തിപരമായി നിന്ദ്യമായ ഒരു ആരോപണം ഉയർത്തിയിരിക്കുകയാണ് ബംഗാളി ചലച്ചിത്ര നടി ശ്രീലേഖ മിത്ര. ഇതു കുറച്ചു കാലങ്ങളായി. ഞാൻ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം എന്ന് ഏറ്റെടുത്തോ, അന്നുമുതൽ ഒരു സംഘം ആളുകൾ നടത്തിയ ശ്രമമാണ് ശ്രീലേഖ മിത്രയുടെ ആരോപണം എന്ന നിലയിൽ പുറത്തേക്ക് വന്നത്. ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് ഏറ്റിട്ടുള്ള ഈ വലിയ ഡാമേജ് എളുപ്പം മാറുന്നതല്ലെങ്കിലും എനിക്കത് തെളിയിച്ചേ പറ്റൂ. എനിക്കത് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിയേ പറ്റൂ. അതു നുണയായിരുന്നു, അതിലെ ഒരു ഭാഗം നുണയായിരുന്നു എന്ന്. അവർ തന്നെ പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് നടത്തിയിട്ടുള്ളത്. അതിന്‍റെ വിശദാംശങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല. എന്തു തന്നെയായാലും നിയമനടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിരിക്കുന്നു. ഇതിന്‍റെ പിന്നിലെ സത്യം എന്താണെന്ന് ലോകം അറിഞ്ഞേ പറ്റൂ. അത് എന്‍റെ സുഹൃത്തുക്കളുമായും വക്കീലിന്‍റെ ഓഫിസുമായും ഞാൻ ബന്ധപ്പെട്ട് തീരുമാനത്തിലെത്തിക്കഴിഞ്ഞു. ഇക്കാര്യം അറിയിക്കാനാണ് ഈ ശബ്ദസന്ദേശം.

ഇതിലും പ്രധാനപ്പെട്ട മറ്റൊരു കാര്യം, കേരള സർക്കാറിനെതിരെ, സി.പി.എം എന്ന പാർട്ടിക്കെതിരെ വലതുപക്ഷ നിലപാടുകളുള്ളവരുണ്ട്. അവരുടെ മുന്നിൽ പോർമുഖത്തെന്നപോൽ നിൽക്കുന്ന മാധ്യമപ്രവർത്തകരും സംഘടിതമായിത്തന്നെ ആക്രമിക്കുന്നു. പല വിഷയങ്ങളിൽ ഈ ചളിവാരിയെറിയൽ നടന്നുകൊണ്ടിരിക്കുകയാണ്. അതിലൊന്ന് എന്‍റെ പേര് ഉപയോഗിച്ചുള്ളവയാണ് എന്നത് ഏറെ അപമാനകരമാണ്. സത്യമെന്താണെന്ന് അറിയാതെ തന്നെയാണ് ഇവിടത്തെ മാധ്യമലോകവും മറ്റുള്ളവരും. വലിയ ശബ്ദത്തിൽ പലർ അല്ലെങ്കിൽ ചിലർ നടത്തുന്ന ഈ ആക്രമണത്തിൽ ഞാൻ എന്ന ഒരു വ്യക്തി കാരണം സർക്കാറിന്‍റെ പ്രതിച്ഛായക്ക് കോട്ടം തട്ടുന്ന ഒരു പ്രവൃത്തിയും എന്‍റെ പക്ഷത്തുനിന്നുണ്ടാകില്ല. അത്തരം ഒരു സാഹചര്യത്തിൽ സർക്കാർ നൽകിയ സ്ഥാനത്ത് തുടരുകയെന്നത് ശരിയല്ല. നിയമനടപടികൾ പൂർത്തിയാകുന്ന ഒരു ദിവസം വരും. സത്യം ലോകമറിയും. അതത്ര വിദൂരമല്ല എന്നെനിക്കറിയാം. പക്ഷേ, തൽക്കാലം എന്‍റെ തീരുമാനം അതല്ല. അതിന്‍റെ വിധി പുറത്തുവരുന്നതുവരെ കാത്തിരിക്കാനല്ല ഉദ്ദേശ്യം. ഔദ്യോഗിക സ്ഥാനത്തിരുന്നുകൊണ്ടല്ല നിയമപോരാട്ടം നടത്തേണ്ടത് എന്നാണ് എന്‍റെ ബോധ്യം. അതുകൊണ്ട് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഞാൻ രാജിവെക്കുകയാണ്. ഒപ്പം ഇത് സ്വീകരിക്കണമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രിയോടും കേരളത്തിന്‍റെ ആദരണീയനായ മുഖ്യമന്ത്രിയോടും അഭ്യർഥിക്കുകയാണ്.

മാധ്യമപ്രവർത്തകരോട് ഒരു വാക്ക് പറയാനുണ്ട്. എന്‍റെ സ്വകാര്യത, എന്‍റെ വീടിന്‍റെ സ്വകാര്യതയാണ്. എന്‍റെ വീട്ടുമുറ്റത്തേക്ക് അനുവാദം ചോദിക്കാതെ നിങ്ങളൊരു വലിയ സംഘം ഇന്നലെ ഇരച്ചുകയറി വന്നു. അതാവർത്തിക്കാനുള്ള ശ്രമവുമായി പുറത്ത് കാത്തുനിൽക്കുന്നുണ്ടെന്നും പറയുന്നു. ദയവുചെയ്ത് ഒരു കാര്യം മനസ്സിലാക്കുക. എനിക്ക് ഒരു മാധ്യമ കാമറയേയും അഭിമുഖീകരിക്കേണ്ട കാര്യമില്ല. ഞാൻ അയക്കുന്ന ശബ്ദസന്ദേശത്തിൽ കാര്യങ്ങൾ വളരെ വ്യക്തമാണ്’’ -രഞ്ജിത്ത് ശബ്ദ സന്ദേശത്തിൽ പറഞ്ഞു. 

Tags:    
News Summary - Anti CPM team attacking organized manner -Ranjith

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.