തിരുവനന്തപുരം: ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ഗാന്ധിജയന്തി ദിനത്തിൽ സ്കൂളുകളിൽ ആസൂത്രണം ചെയ്തിട്ടുള്ള പരിപാടികൾ വിജയിപ്പിക്കാൻ എല്ലാവരും കൈകോർക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. രാവിലെ 10 ന് ലഹരിവിരുദ്ധ പ്രചാരണ പ്രവർത്തനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും. പരമാവധി ആളുകളുടെ പങ്കാളിത്തത്തോടെ സ്കൂൾ തല പരിപാടി രാവിലെ 9.30ന് ആരംഭിക്കാം. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം ഈ ചടങ്ങിൽ പ്രദർശിപ്പിക്കണം.
പ്രസംഗം തത്സമയം വീക്ഷിക്കുന്നതിനുള്ള സംവിധാനം എല്ലാ സ്കൂളുകളിലും ഒരുക്കണം. പ്രസംഗം എല്ലാ വിദ്യാർത്ഥികൾക്കും കാണാവുന്ന രീതിയിൽ ഒരുമിച്ചുളള അസംബ്ലിയിലും സംപ്രേഷണം ചെയ്യാം.
ഒക്ടോബർ രണ്ടിന് സ്കൂളിലേക്ക് എത്താൻ സാധിക്കുന്ന എല്ലാ വിദ്യാർഥികളേയും ഈ പരിപാടിയുടെ ഭാഗമാക്കാൻ ശ്രദ്ധിക്കണം. എല്ലാ അധ്യാപകരും അന്നേ ദിവസം സ്കൂളുകളിൽ എത്തിച്ചേർന്ന് ശുചീകരണ പരിപാടികളോടൊപ്പം ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണം.
എൻ.എസ്.എസ്, എസ്.പി.സി., എൻ.സി.സി., സ്കൗട്ട് & ഗൈഡ്, ജെ.ആർ.സി., ലിറ്റിൽ കൈറ്റ്സ്, ആന്റി നാർകോട്ടിക് ക്ലബ്, മറ്റ് ക്ലബുകളിൽ പ്രവർത്തിക്കുന്നവർ ഈ പരിപാടികളിൽ സജീവമായി പങ്കെടുക്കണമെന്നും മന്ത്രി വി. ശിവൻകുട്ടി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.