തിരുവനന്തപുരം: സംസ്ഥാന ഭരണത്തെ കടന്നാക്രമിച്ച് മുന്നേറുന്നതിനിടയിലും കോൺഗ്രസിൽ അസ്വസ്ഥതകൾ പുകയുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടിയെ ആര് നയിക്കുമെന്ന ആശയക്കുഴപ്പം നിലനിൽക്കുന്നതിനിടെയാണ് കെ.പി.സി.സി പ്രസിഡൻറിൽ നിന്നുണ്ടാകുന്ന തുടർച്ചയായ നാവുപിഴ പാർട്ടിയെ പ്രതിരോധത്തിലാക്കിയത്. കേരള കോൺഗ്രസ്- േജാസ് പക്ഷം മുന്നണിവിട്ടത് വഴിയുള്ള ക്ഷീണം തീർക്കാൻ ചില പാർട്ടികളെ ഒപ്പംകൂട്ടാനുള്ള നീക്കത്തിലും ആശയക്കുഴപ്പം തുടരുകയാണ്.
അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കേണ്ടത് കീഴ്വഴക്കമനുസരിച്ച് പ്രതിപക്ഷനേതാവാണെങ്കിലും ഉമ്മൻ ചാണ്ടിയെ മാറ്റിനിർത്തി ഒരിഞ്ചുപോലും മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമാണ്. ജോസും കൂട്ടരും കൂടുമാറിയ സാഹചര്യത്തിൽ ക്രൈസ്തവ വിഭാഗത്തെ ഒപ്പംനിർത്താൻ ഉമ്മൻ ചാണ്ടിയെ മുന്നിൽനിർത്തി തെരഞ്ഞെടുപ്പിനെ നേരിടണമെന്ന ആവശ്യം ശക്തമാണ്. യാതൊരു വിട്ടുവീഴ്ചക്കും തയാറാകാതെ സംസ്ഥാന സർക്കാറിനെ മുൾമുനയിൽ നിർത്തുന്ന പ്രതിപക്ഷനേതാവിനെ മാറ്റി പകരക്കാരനെ തേടുന്നത് അനൗചിത്യമാകുമെന്ന് വിശ്വസിക്കുന്നവരും പാർട്ടിയിലുണ്ട്. ഇരുവർക്കും പുറമെ കെ.പി.സി.സി പ്രസിഡൻറും മത്സരിക്കാനുള്ള ഒരുക്കത്തിലാണ്. അങ്ങനെയെങ്കിൽ യു.ഡി.എഫ് വിജയിച്ചാൽ പതിവിന് വിരുദ്ധമായി ത്രിമൂർത്തികളിൽനിന്ന് യഥാർഥ നേതാവിനെ ഹൈകമാൻഡ് നിശ്ചയിക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തും.
മുല്ലപ്പള്ളിയിൽനിന്ന് കഴിഞ്ഞദിവസമുണ്ടായ സ്ത്രീവിരുദ്ധ പരാമർശം കോൺഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്. തുടർച്ചയായി അദ്ദേഹത്തിനുണ്ടാകുന്ന നാവുപിഴയിൽ മുന്നണിനേതാക്കൾക്ക് പോലും വിയോജിപ്പുണ്ട്. പ്രസിഡൻറിനെ കടന്നാക്രമിച്ച് കോൺഗ്രസ് പ്രവർത്തകർതന്നെ സമൂഹമാധ്യമങ്ങളിൽ അണിനിരന്നിട്ടുണ്ട്.
പി.സി. തോമസും പി.സി. ജോർജും നയിക്കുന്ന പാർട്ടികളെ ഒപ്പം കൂട്ടുന്നതിലും ആശയക്കുഴപ്പമുണ്ട്. ജോർജിനെതിരെ അണികളിൽനിന്നും നേതാക്കളിൽനിന്നും ശക്തമായ വിയോജിപ്പാണ് ഉയർന്നത്. അദ്ദേഹത്തെ ഒപ്പം കൂട്ടിയാൽ ഗുണത്തെക്കാൾ അത് ദോഷമാകുമോയെന്ന ഭയം നേതൃത്വത്തിലുമുണ്ട്. പി.സി. തോമസിെൻറ കാര്യത്തിൽ കാര്യമായ എതിർപ്പില്ലെങ്കിലും ഘടകകക്ഷിയാക്കാതെ ഏതെങ്കിലും കക്ഷിയിൽ ലയിപ്പിച്ച് മുന്നണിയുടെ ഭാഗമാക്കണമെന്നാണ് ആവശ്യം. പി.ജെ. ജോസഫിനൊപ്പം നിൽക്കാൻ അദ്ദേഹം തയാറാണെങ്കിലും പാർട്ടിയുടെ പേരിലുള്ള അവകാശം സംബന്ധിച്ച് ജോസഫും ജോസും തമ്മിലുള്ള കേസിൽ അത് ദോഷമായേക്കാം. തൽക്കാലം ഘടകകക്ഷിയാകുകയും കേസിൽ ജോസഫിന് തിരിച്ചടിയുണ്ടായാൽ അദ്ദേഹത്തിനൊപ്പം ചേർന്ന് കേരള കോൺഗ്രസ് എന്ന പാർട്ടിയായി മാറാനും സന്നദ്ധമാണെന്ന് തോമസ് അറിയിച്ചിട്ടുണ്ട്.
ഭരണപക്ഷ ദൾ വിഭാഗങ്ങളിലെ അതൃപ്തരും ഒപ്പംവരുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.