കൊച്ചി: റാഗിങ് വിഷയത്തിൽ കർമസമിതി രൂപവത്കരിക്കാൻ ഒരു മാസം സമയം തേടിയ സർക്കാറിന് ഹൈകോടതി അനുവദിച്ചത് ഒരാഴ്ച. അടിയന്തര പ്രാധാന്യമുള്ള വിഷയമായതിനാൽ ഒരു മാസം അനുവദിക്കാനാവില്ലെന്ന് വിലയിരുത്തിയ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ച് ഒരാഴ്ചക്കകം സമിതി രൂപവത്കരിച്ച് വിവരം അറിയിക്കാൻ നിർദേശം നൽകി.
റാഗിങ് വിരുദ്ധ നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ലീഗൽ സർവിസസ് അതോറിറ്റി (കെൽസ) നൽകിയ പൊതുതാൽപര്യ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
റാഗിങ് തടയാനുള്ള അഭിപ്രായങ്ങൾ സ്വരൂപിച്ച് ശിപാർശകൾ നൽകാൻ വിവിധ മേഖലകളിൽനിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി കർമസമിതിയുണ്ടാക്കാൻ മാർച്ച് അഞ്ചിന് കോടതി ഉത്തരവിട്ടിരുന്നു. രണ്ടാഴ്ച അനുവദിച്ചിരുന്നെങ്കിലും ഒരു മാസം കൂടി ലഭ്യമാക്കണമെന്ന് ആഭ്യന്തര വകുപ്പ് ബുധനാഴ്ച കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ, ഹരജി വീണ്ടും പരിഗണിക്കുന്ന 26ന് കർമസമിതിയുടെ ഘടന സംബന്ധിച്ച കരട് സമർപ്പിക്കാനാണ് സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഹരജിയിൽ കക്ഷിചേരാൻ രമേശ് ചെന്നിത്തല എം.എൽ.എയും പൂക്കോട് വെറ്ററിനറി കോളജിൽ മരിച്ച സിദ്ധാർഥന്‍റെ മാതാവ് ഷീബയും ഉപ ഹരജികൾ നൽകിയിരുന്നു. ഇവരുടെയും മറ്റ് കക്ഷികളുടെയും അഭിപ്രായങ്ങൾ ആദ്യം കർമസമിതിയിൽ സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു.
ആഭ്യന്തര സെക്രട്ടറിയെ കക്ഷിചേർത്ത കോടതി, കർമസമിതിയിൽ യു.ജി.സിയുടെയും കെൽസയുടെയും പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണമെന്നും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.