കൊച്ചി: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻഎൻഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)ന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. ഇത് രണ്ടാം തവണയാണ് സുധാകരൻ ഇഡിക്ക് മുന്നിൽ എത്തുന്നത്. തിങ്കളാഴ്ച രാവിലെ 10.55 ഓടെയാണ് അദ്ദേഹം കൊച്ചി ഇ.ഡി. ഓഫീസിൽ ഹാജരായത് ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ. ജയന്ത് അടക്കമുള്ളവര്‍ സുധാകരനൊപ്പമുണ്ടായിരുന്നു. താന്‍ രേഖകളെല്ലാം ഹാജരാക്കിയിട്ടുണ്ടെന്ന് കെ. സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ ഇതുവരെ തെളിവുകളൊന്നും ഇല്ലെന്നും ഇനി ഉണ്ടാകാൻ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അഞ്ചുവർഷത്തെ ബാങ്ക് ഇടപാട് വിവരങ്ങൾ ഉൾപ്പെടെ ഹാജരാക്കാനാണ് ഇഡിയുടെ നിർദേശം. പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഓഗസ്റ്റ് 22ന് സുധാകനരെ ഇഡി വിശദമായി ചോദ്യം ചെയ്തിരുന്നു. ഓഗസ്റ്റ് 30ന് വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ ചുമതല ചൂണ്ടിക്കാട്ടി സാവകാശം തേടുകയായിരുന്നു.
മോൻസന്‍റെ കലൂരിലെ വീട്ടിൽ വെച്ച് കെ.സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റി എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. മോൻസന്റെ മുൻ ജീവനക്കാരൻ ജിൻസണും പരാതിക്കാരൻ അനൂപുമാണ് സുധാകരനെതിരെ മൊഴി നൽകിയത്. എന്നാൽ, ഈ ആരോപണം സുധാകരൻ നിഷേധിച്ചിരുന്നു.
ഐ.ജി ജി.ലക്ഷ്മൺ, മുൻ ഡി.ഐ.ജി എസ്.സുരേന്ദ്രൻ, സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖ എന്നിവരും കേസിൽ പ്രതികളാണ്. വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽചോദ്യം ചെയ്യലിനായി ഹാജരാകാൻ ബിന്ദുലേഖക്ക് ക്രൈംബ്രാഞ്ച് നോട്ടീസയച്ചിട്ടുണ്ട്. സുരേന്ദ്രന്റെ വീട്ടിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.