കൊച്ചി: പുരാവസ്തുക്കളെന്ന പേരിൽ തട്ടിപ്പിന് മോൻസൺ മാവുങ്കൽ ഉപയോഗിച്ച ശിൽപങ്ങളും കലാരൂപങ്ങളും യഥാർഥ ഉടമക്ക് തിരിച്ചു നൽകണമെന്ന ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഹൈകോടതി ശരിവെച്ചു. തിരുവനന്തപുരം സ്വദേശിയും ശിൽപിയുമായ എസ്. സന്തോഷിIൽ നിന്ന് വാങ്ങിയ ശില്പങ്ങളും കലാരൂപങ്ങളും മോശയുടെ അംശവടി, ശ്രീകൃഷ്ണന്റെ വെണ്ണക്കുടം, യൂദാസിന് ലഭിച്ച വെള്ളിക്കാശ് തുടങ്ങിയവയാണെന്ന് ആളുകളെ വിശ്വസിപ്പിച്ചാണ് മോൻസൺ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. ഈ ശില്പങ്ങളും കലാരൂപങ്ങളും തിരിച്ചുവേണമെന്ന് ആവശ്യപ്പെട്ട് സന്തോഷ് എറണാകുളം അഡീ. സി.ജെ.എം കോടതിയിൽ നൽകിയ ഹരജിയിലാണ് അനുകൂല ഉത്തരവുണ്ടായത്. എന്നാൽ, ഈ ഉത്തരവ് ചോദ്യം ചെയ്ത് മോൻസൺ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹരജി തള്ളിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് സി.ജെ.എം കോടതി ഉത്തരവ് ശരിവെച്ചത്.
തന്നെ കക്ഷിയാക്കിയിരുന്നെങ്കിലും നോട്ടീസ് നൽകുകയോ കേൾക്കുകയോ ചെയ്യാതെയാണ് ഉത്തരവ് നൽകിയതെന്നായിരുന്നു മോൻസണിന്റെ വാദം. ഇക്കാര്യങ്ങളും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത സാധനങ്ങൾ വിട്ടുകിട്ടാൻ മോൻസൺ നൽകിയ ഹരജി മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുണ്ടെന്നതും പരിഗണിച്ച് നേരത്തേ സി.ജെ.എം കോടതി ഉത്തരവ് ഒരു മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഹരജിയിൽ വാദം പൂർത്തിയാക്കിയാണ് സിംഗിൾബെഞ്ച് അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.