തിരുവനന്തപുരം: താൻ മന്ത്രിയായി തുടർന്നിരുന്നെങ്കിൽ ഇ-ബസുകളുടെ ടിക്കറ്റ് നിരക്ക് 10 രൂപയിൽനിന്ന് അഞ്ചായി കുറക്കുമായിരുന്നെന്ന് മുൻ മന്ത്രി ആൻറണി രാജു. ഇ- ബസ് നഷ്ടമാണെന്നും നിലവിലെ 10 രൂപ നിരക്ക് തുടരാനാകില്ലെന്നുമുള്ള ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ പരാമർശങ്ങൾ വിവാദമാകുന്നതിനിടെയാണ് അഭിപ്രായ പ്രകടനം.
ഇ-ബസുകൾ ആരംഭിക്കുക എന്നത് സംസ്ഥാന സർക്കാറിന്റെ നയപരമായ തീരുമാനമാണ്. തലസ്ഥാന നഗരത്തെ സംബന്ധിച്ച് വൻ വിജയമാണ് സിറ്റി സർക്കുലർ ഇ-ബസുകൾ. കിലോമീറ്ററിന് 4.6 രൂപക്ക് ഇ-ബസുകൾ ഓപറേറ്റ് ചെയ്യാനാകും. ഡീസൽ ബസുകൾ ഒരു കിലോമീറ്റർ ഓപറേറ്റ് ചെയ്യുന്നതിന് 26.4 രൂപയാണ് ചെലവ്. ഒരു ഇ-ബസ് വാങ്ങുന്ന തുകക്ക് മൂന്ന് ഡീസൽ ബസുകൾ വാങ്ങാമെന്നത് ശരിതന്നെ. പക്ഷേ, കിലോമീറ്ററിൽനിന്ന് 21.40 രൂപ വരുമാനം കിട്ടുന്ന ഇ-ബസുകൾ എങ്ങനെ നഷ്ടമെന്ന് പറയാനാകും. തുടക്കത്തിൽ ഉയർന്ന നിരക്ക് കാരണം കുറഞ്ഞ യാത്രക്കാരെയാണ് ഇ-ബസുകൾക്ക് കിട്ടിയത്. നിരക്ക് 10 രൂപയായി കുറച്ചശേഷമാണ് യാത്രക്കാർ കൂടിയത്. ഇതോടൊപ്പം നഗരവാസികളെ പൊതുഗതാഗത സംവിധാനത്തിലേക്ക് തിരികെയെത്തിക്കാനായി. മഹാരാഷ്ട്രയിൽ ഇ-ബസ് നിരക്ക് അഞ്ചു രൂപയാണെന്നും ആന്റണി രാജു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.