തിരുവനന്തപുരം: ഉത്സവ സീസണിൽ യാത്രക്കാരില്‍ നിന്ന് അമിത നിരക്ക് ഈടാക്കുന്ന അന്തര്‍സംസ്ഥാന ബസ്സുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ ഗതാഗത മന്ത്രിആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഈസ്റ്റർ, വിഷു, റംസാൻ പ്രമാണിച്ച് സംസ്ഥാനാന്തര യാത്രകളിൽ ഭീമമായ നിരക്ക് ഈടാക്കി യാത്രക്കാരെ ചൂഷണം ചെയ്യുന്നതിനെതിരെ നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് അടിയന്തര യോഗം ചേര്‍ന്നത്.
നിയമം ലംഘിച്ച് ഓടിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നത് മൂലം യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കേണ്ട പൂർണ ഉത്തരവാദിത്വം ബസ് ഉടമകൾക്കായിരിക്കും. ഉത്സവ സീസണിലെ വാഹന പരിശോധനയ്ക്കായി സ്ക്വാഡ് രൂപീകരണത്തിനായി ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ ഏപ്രിൽ ഒന്നിന് പ്രത്യേക യോഗം ചേരും. കോൺട്രാക്ട് കാരിയേജ് വാഹനങ്ങളില്‍ സ്പീഡ് ഗവർണറിലും ജി.പി.എസിലും കൃത്രിമം കാണിച്ച് അനുവദനീയമായതിലും അധികം സ്പീഡിൽ ഓടിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ മോട്ടോർ വാഹന വകുപ്പിന് മന്ത്രി നിർദേശം നൽകി.
അവധിക്കാലവും ഉത്സവ സീസനും പ്രമാണിച്ച് കൂടുതൽ ബസ് സർവീസ് നടത്തുവാൻ കെ.എസ്.ആർ.ടി.സിക്ക് മന്ത്രി ആന്റണി രാജു നിർദ്ദേശം നൽകി. ഗതാഗത സെക്രട്ടറിയും കെ.എസ്.ആർ.ടി.സി സി.എം.ഡിയുമായ ബിജു പ്രഭാകർ, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പി.എസ്. പ്രമോജ് ശങ്കർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.