തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്ന സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍റെ പ്രസ്താവന തെറ്റാണെന്ന് അനുപമ. ഞാന്‍ അദ്ദേഹത്തിന് പരാതി കൊടുത്തിട്ടില്ല എന്ന് പറഞ്ഞത് തെറ്റാണ്. ജില്ലാ കമ്മിറ്റി ഓഫീസില്‍ പോയിട്ടാണ് പരാതി കൊടുത്തത്. ആ സമയത്ത് അദ്ദേഹം കോവിഡ് കാരണം അവിടെ ഇല്ലായിരുന്നു. അതുകൊണ്ട് ഫോണിൽ വിളിച്ച് സംസാരിക്കുകയായിരുന്നു.
മോളെ എന്ന് വിളിച്ചാണ് അനുപമയോട് സംസാരിച്ചതെന്ന് ആനാവൂർ നാഗപ്പൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യവും അനുപമയും അജിത്തും തള്ളി. മോളേ എന്ന് വിളിച്ച് സംസാരിച്ചിട്ടില്ലെന്നും തന്‍റെ കുഞ്ഞിന്‍റെ കാര്യത്തില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വമില്ലെന്നും ഇതിലൊന്നും പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ലെന്നും വഴക്ക് പറയുന്ന രീതിയിലാണ് സംസാരിച്ചതെന്നാണ് അനുപമ പറയുന്നത്.
ഞാൻ ജില്ലാ കമ്മിറ്റിയില്‍ നല്‍കിയ പരാതിയില്‍ ഒരിടത്തും എന്‍റെ കൈയില്‍ നിന്നും ഒപ്പിട്ട് അച്ഛനമ്മാർ ഒപ്പിട്ട് ഒരു കണ്‍സെന്‍റ് വാങ്ങിയ കാര്യം ഞാന്‍ പറഞ്ഞിട്ടില്ല. കാരണം അതെനിക്ക് അറിയില്ല. എന്നാല്‍ എന്‍റെ അച്ഛനുമായി ആനാവൂർ നാഗപ്പൻ സംസാരിക്കുമ്പോള്‍ ഈ കണ്‍സെന്‍റിന്‍റെ കാര്യം അദ്ദേഹം അറിഞ്ഞിട്ടുണ്ടായിരിക്കാം എന്നും അനുപമ പറഞ്ഞു.
പാർട്ടി സഹായം ചെയ്യുമെന്നാണ് ഇപ്പോൾ പറയുന്നുത്. പാർട്ടിക്ക് ഇപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ല എന്നത് സത്യമാണ്. എന്നാൽ ചെയ്യാൻ കഴിയുമായിരുന്ന സമയത്ത് ഒന്നും ചെയ്തില്ല എന്നതാണ് ഞങ്ങളുടെ ആരോപണം. അന്ന് കൂടെ നിന്നിരുന്നെങ്കിൽ കുഞ്ഞിനെ കണ്ടുപിടിക്കാൻ കഴിയുമായിരുന്നുവെന്നും കുഞ്ഞിന്‍റെ പിതാവായ അജിത് പറഞ്ഞു.
പെൺകുട്ടിയുടെ അച്ഛനായ ജയചന്ദ്രന്‍റെ നിലപാടിനെ ന്യായീകരിക്കുന്നില്ലെന്ന് ആനാവൂർ നാഗപ്പൻ ഇന്ന് രാവിലെ പറഞ്ഞിരുന്നു. കുഞ്ഞിനെ അമ്മക്ക് ലഭിക്കണമെന്നത് മാനുഷികമായ ആവശ്യമാണ്. അത് കുഞ്ഞിന്‍റെ അവകാശം കൂടിയാണ്. അമ്മയും അച്ഛനും ജീവിച്ചിരിക്കുമ്പോൾ, കുഞ്ഞ് ജീവിതകാലം മുഴുവൻ അനാഥനായി വളരേണ്ടി വരുന്നത് കഷ്ടമാണ്. നവജാത ശിശുവിനെ ഒളിപ്പിച്ച സംഭവത്തിൽ കാര്യമായ ഇടപെടൽ പാർട്ടി നടത്തിയിട്ടില്ലെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.
സി.പി.എം നേതാവായ ജയചന്ദ്രന്‍റെ മകൾ അനുപമയും ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്‍റായിരുന്ന അജിത്തും തമ്മിൽ സ്നേഹത്തിലാണെന്ന പരാതിയാണ് പാർട്ടിക്ക് ആദ്യം ലഭിച്ചത്. ലോക്കൽ കമ്മിറ്റിയംഗമായ അജിത്തിന്‍റെ പിതാവിനെ വിളിപ്പിക്കുകയും മകനെ പറഞ്ഞ് വിലക്കണമെന്ന് പാർട്ടി ആവശ്യപ്പെടുകയും ചെയ്തു. അജിത്ത് ആദ്യം വിവാഹം കഴിച്ചത് പാർട്ടി അനുഭാവിയായ മുസ് ലിം പെൺകുട്ടിയാണ്. പ്രേമ വിവാഹമായിരുന്നു ഇത്.
വിവാഹിതനായ ഒരാൾ മറ്റൊരു പെൺകുട്ടിയെ സ്നേഹിക്കുന്നത് തെറ്റാണെന്നും മകനെ വിലക്കണമെന്നും പിതാവിനോട് പറഞ്ഞു. ഇക്കാര്യം മകനോട് താൻ പറയാമെന്നും എന്നാൽ, അനുസരിക്കുമോ എന്ന് അറിയില്ലെന്നുമാണ് പിതാവ് മറുപടി നൽകിയത്. ഇത്തരത്തിൽ സംസാരം നടന്നതാണെന്നും ഇതിൽ ഉറച്ചുനിൽകുന്നതായും ആനാവൂർ നാഗപ്പൻ വ്യക്തമാക്കി.
പെൺകുട്ടി ഗർഭിണിയാണെന്നും ജയചന്ദ്രന്‍റെ ഭാര്യാ വീട്ടിലേക്ക് മാറ്റിയെന്നും പെൺകുട്ടി പ്രസവിച്ചെന്നും പിന്നീടാണ് അറിയുന്നത്. പെൺകുട്ടിയോ ഭർത്താവോ പരാതിയുമായി സമീപിച്ചിട്ടില്ല. ടിവിയിലൂടെയാണ് പെൺകുട്ടിയെ താൻ കാണുന്നത്. പിന്നീട് പാർട്ടിക്ക് ലഭിച്ച പരാതി കത്ത് സെക്രട്ടറിയേറ്റ് ചർച്ച ചെയ്തു. കുഞ്ഞിനെ അമ്മയെ ഏൽപിക്കാൻ ആവശ്യപ്പെടണമെന്ന് സെക്രട്ടറിയേറ്റിൽ തീരുമാനമായി. ഇതു പ്രകാരം ജയചന്ദ്രനെ പാർട്ടി വിളിപ്പിച്ചു. കുഞ്ഞിനെ തിരിച്ചു കൊടുക്കണമെന്ന് ജയചന്ദ്രനോട് ആവശ്യപ്പെട്ടു.
പാർട്ടി ഏരിയ സെക്രട്ടറിയുടെ സാന്നിധ്യത്തിലാണ് അജിത്തിന്‍റെ അച്ഛനുമായി സംസാരിച്ചത്. ശിശുക്ഷേമ സമിതിക്ക് കൈമാറിയതിനാൽ കുഞ്ഞിനെ തിരിച്ചു കൊടുക്കാൻ തനിക്ക് സാധിക്കില്ലെന്ന് ജയചന്ദ്രൻ മറുപടി നൽകി. അനുപമയുടെ സമ്മതത്തോടെയാണ് കുഞ്ഞിനെ കൈമാറിയതെന്നും ജയചന്ദ്രൻ പറഞ്ഞു. നിയമപരമായ മാർഗമുണ്ടെങ്കിൽ അക്കാര്യം പരിശോധിച്ച് കുഞ്ഞിനെ തിരികെ നൽകണമെന്നും അല്ലെങ്കിൽ ഭാവിയിൽ നിങ്ങൾക്ക് പ്രയാസമുണ്ടാക്കുമെന്നും ജയചന്ദ്രനോട് പറഞ്ഞു.
ഇതിനുശേഷം ശിശുക്ഷേമ സമിതിയിലെ അഡ്വ. ഷിജു ഖാനെ വിളിപ്പിച്ച് കാര്യം തിരക്കി. നിയമപരമായ വ്യവസ്ഥകൾ പൂർത്തിയാക്കിയാണ് കുഞ്ഞിനെ ദത്തെടുത്തതെന്ന് ഷിജു ഖാൻ വിവരിച്ചു. കുഞ്ഞിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും നിയമപരമായ വഴിതേടിയാൽ കുഞ്ഞിനെ കിട്ടിയേക്കുമെന്നും ഷിജു ഖാൻ വ്യക്തമാക്കി. രണ്ടാഴ്ചക്ക് ശേഷം ഫോണിൽ വിളിച്ച പെൺകുട്ടിയോട് പാർട്ടിക്ക് പരിഹരിക്കാൻ സാധിക്കുന്ന വിഷയമല്ലെന്നും നിയമപരമായി നീങ്ങാനും എന്തെങ്കിലും നിയമസഹായം ആവശ്യമുണ്ടെങ്കിൽ ചെയ്ത് തരാമെന്നും താൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.