മലപ്പുറം: എ.ഡി.ജി.പി അജിത്കുമാറിനും എസ്.പി. സുജിത് ദാസിനുമെതിരെ കൂടുതൽ ആരോപണങ്ങളും വെളിപ്പെടുത്തലുകളുമായി ഭരണകക്ഷി എം.എൽ.എ പി.വി. അൻവർ. മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫിസിന്റെയും ഫോൺ എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള സംഘം ചോർത്തുന്നു. എ.ഡി.ജിപി തിരുവനന്തപുരത്ത് കോടികൾ വിലമതിക്കുന്ന ഭൂമി സ്വന്തമാക്കി, എടവണ്ണ റിദാൻ ബാസിൽ കൊലക്കേസിന് സ്വർണക്കടത്തുമായി ബന്ധം, കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കള്ളക്കഥയുണ്ടാക്കി, റിദാന്റെ ഭാര്യയെ പൊലീസ് പീഡിപ്പിച്ച് കള്ളക്കേസുണ്ടാക്കാൻ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളാണ് അൻവർ തിങ്കളാഴ്ച വെളിപ്പെടുത്തിയത്.
എ.ഡി.ജിപിയെ മാറ്റിനിർത്തി റിട്ട. ജഡ്ജിയുടെ നിരീക്ഷണത്തിൽ പ്രത്യേക ടീം അന്വേഷിക്കണമെന്നും ഇതിന് മുഖ്യമന്ത്രി നേരിട്ട് മേൽനോട്ടം വഹിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു. ഇനിയും വെളിപ്പെടുത്തലുകൾ ബാക്കിയുണ്ട്. എല്ലാം പുറത്തുവിട്ടാൽ തെളിവുകൾ നശിപ്പിക്കപ്പെടും. അന്വേഷണത്തെ ബാധിക്കും. തൽക്കാലം ഒന്നാംഘട്ട വെളിപ്പെടുത്തൽ ഓപറേഷൻ അവസാനിപ്പിക്കുകയാണ്. നാളെയോ മറ്റന്നാളോ മുഖ്യമന്ത്രിക്ക് തനിക്ക് കിട്ടിയ തെളിവുകളും വിവരങ്ങളും വെച്ച് വിശദമായ പരാതി നൽകും. ജീവന് ഭീഷണിയുള്ളതിനാൽ തോക്ക് ഉപയോഗിക്കാൻ ലൈസൻസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് അൻവർ മലപ്പുറം ജില്ലാ കലക്ടർക്ക് കത്ത് നൽകി.
സ്വർണക്കടത്തിന്റെയും ഫോൺചോർത്തലിന്റെയും ഞെട്ടിക്കുന്ന വിവരങ്ങളുമായി പുതിയ ഫോൺ സന്ദേശം. ഒരു പൊലീസുകാരൻ എന്ന് പരിചയപ്പെടുത്തി അൻവർ എം.എൽ.എക്ക് അയച്ചുകിട്ടിയ വാട്സാപ് വോയസ് സന്ദേശമാണ് പുതുതായി പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം എ.ഡി.ജി.പിക്കും മലപ്പുറം എസ്.പി. സുജിത് ദാസിനും എതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങളെ ശരിവെക്കുന്ന ഫോൺസന്ദേശമാണ് ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.