കെട്ടിവെച്ച പണം പോയി; ബി.ജെ.പിയിൽ ആശങ്കയും ഭിന്നതയും

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പു ഫലത്തിൽ ബി.ജെ.പിയിൽ ആശങ്കയും ഭിന്നതയും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് മുന്നേറ്റം നടത്താൻ സാധിച്ചു. എന്നാൽ പാർട്ടി വീണ്ടും ക്ഷയിക്കുകയാണെന്നാണ് ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് ഒരുവിഭാഗം ആരോപിക്കുന്നു. കെട്ടിവെച്ച കാശ് നഷ്ടമാകുന്ന തരത്തിൽ തൃക്കാക്കരയിൽ എ.എൻ. രാധാകൃഷ്ണനേറ്റ പരാജയം പാർട്ടി അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ ആയുധമാക്കാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.

എല്ലാ തെരഞ്ഞെടുപ്പുകളിലും സ്ഥിരമായി ചില നേതാക്കൾ മത്സരിക്കുന്നതിലും ക്രൈസ്തവ സഭകളോടുള്ള സമീപനങ്ങളിലും ഈ വിഭാഗം വിമർശനമുന്നയിക്കുന്നു.ഉപതെരഞ്ഞെടുപ്പിൽ പോലും പ്രാദേശിക നേതാക്കളെ സ്ഥാനാർഥികളായി പരിഗണിക്കണമെന്ന ആവശ്യം അംഗീകരിക്കാത്ത നേതൃത്വത്തിന്‍റെ നടപടിക്കേറ്റ കനത്ത തിരിച്ചടിയാണ് തൃക്കാക്കരയിലെ നാണംകെട്ട തോൽവിയെന്ന് മുതിർന്ന നേതാക്കൾ പറയുന്നു. ഒരുവർഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ ജില്ല നേതാവ് നേടിയതിെനക്കാൾ 2500ഓളം വോട്ടാണ് സംസ്ഥാന വൈസ്പ്രസിഡന്‍റായ എ.എൻ. രാധാകൃഷ്ണന് നഷ്ടപ്പെട്ടത്.

പാർട്ടിക്ക് 15,000 വോട്ടുണ്ടെന്ന് അവകാശപ്പെടുന്ന നേതൃത്വം ബാക്കി എങ്ങോട്ട് പോയെന്ന് വ്യക്തമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. വനിതനേതാക്കൾ ഉൾപ്പെടെ പുതുമുഖങ്ങളെ മത്സരിപ്പിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചിട്ടും അവഗണിച്ച് എല്ലാ തെരഞ്ഞെടുപ്പിലും സ്ഥിരമായി മത്സരിക്കുന്നയാളെ സ്ഥാനാർഥിയാക്കിയതെന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്. പി.സി. ജോർജിെനയും ക്രിസ്ത്യൻ വോട്ടുകളെയും അമിതമായി പ്രതീക്ഷിച്ചത് ഫലം കണ്ടില്ല.

എൽ.ഡി.എഫ് സർക്കാറിന്‍റെ വർഗീയപ്രീണനം ചൂണ്ടിക്കാട്ടാൻ പോപുലർഫ്രണ്ട് ജാഥയിലെ കുട്ടിയുടെ മുദ്രാവാക്യം വിളിയും പി.സി. ജോർജിന്‍റെ അറസ്റ്റും ഉയർത്തിക്കാട്ടി പ്രചാരണം നടത്തിയെങ്കിലും യു.ഡി.എഫിനാണ് ഗുണമായത്.എൽ.ഡി.എഫിനെ പ്രതിരോധിക്കാനുള്ള ശക്തി സംസ്ഥാന ബി.ജെ.പിക്കില്ലെന്ന് തിരിച്ചറിഞ്ഞ തൃക്കാക്കരയിലെ വോട്ടർമാർ യു.ഡി.എഫിന് വോട്ട് നൽകിയതും പി.ടി. തോമസിന്‍റെ ജനപ്രിയതയും ഉമ തോമസിന്‍റെ വൻ വിജയത്തിന് കാരണമായെന്ന് പാർട്ടി വിലയിരുത്തുന്നു.

Tags:    
News Summary - Anxiety and division in the BJP after thrikkakara by election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.