കെ. സുരേന്ദ്രനെതിരെ പകപോക്കലെന്ന് ഏത് കൊച്ചുകുട്ടിക്കും അറിയാം -എ.പി. അബ്ദുള്ളക്കുട്ടി

കോട്ടയം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ പിണറായി വിജയൻ വേട്ടയാടുകയാണെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി. കെ. സുരേന്ദ്രനെതിരെ രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്ന് ഏത് കൊച്ചുകുട്ടിക്കും അറിയാം. മഞ്ചേശ്വരം കേസിൽ ക്രൈംബ്രാഞ്ച് കള്ള കുറ്റപത്രം സമർപ്പിച്ചത് എന്തിനാണെന്ന് എല്ലാവർക്കും അറിയാമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

സുരേന്ദ്രനെതിരെ തെളിവില്ലാത്തതു കൊണ്ടാണ് ഒന്നര വർഷമായിട്ടും ക്രൈംബ്രാഞ്ചിന് ഒന്നും ചെയ്യാൻ കഴിയാതിരുന്നത്. ശബരിമല പ്രക്ഷോഭകാല​ത്തുള്ളതിന് സമാനമായ രീതിയിൽ സുരേന്ദ്രനെ വേട്ടയാടാനാണ് പിണറായി വിജയൻ ലക്ഷ്യമിടുന്നത്. മുന്നൂറോളം കള്ളക്കേസെടുത്തിട്ടും പതറാത്ത നേതാവാണ് സുരേന്ദ്രനെന്ന് പിണറായി വിജയൻ മനസിലാക്കണം. ഈ കള്ളക്കേസും ബി.ജെ.പി നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ബി.ജെ.പിയുടെ ബഹുജനപിന്തുണയിൽ വിറളിപൂണ്ട് കള്ളക്കേസെടുക്കുന്നു -പ്രകാശ് ജാവഡേക്കർ

​കൊച്ചി: കെ.സുരേന്ദ്രനെതിരായ മഞ്ചേശ്വരം കേസ് മുഖ്യമന്ത്രി പിണറായി വിജയന്റെ പകപോക്കൽ രാഷ്ട്രീയമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കർ എംപി. കെ.സുരേന്ദ്രൻ സംസ്ഥാന അദ്ധ്യക്ഷനായി തുടരുമെന്ന വാർത്തയും സംസ്ഥാനത്തെ ബി.ജെ.പിയുടെ ശക്തമായ പ്രവർത്തനവുമാണ് പിണറായി വിജയനെ വിറളി പിടിപ്പിക്കുന്നത്. അതുകൊണ്ടാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷനെതിരെ കള്ള കുറ്റപത്രം സമർപ്പിച്ചത്. ലാവ്ല്ലിൻ കേസിൽ കുറ്റാരോപിതനായ പിണറായി വിജയൻ സുരേന്ദ്രനെതിരെ കള്ളക്കേസെടുത്ത് രാഷ്ട്രീയ വിരോധം തീർക്കുകയാണ്. ബി.ജെ.പിയുടെ ബഹുജനപിന്തുണയിൽ വിറളിപൂണ്ടതുകൊണ്ടാണ് യുഡിഎഫും എൽഡിഎഫും ഒരുമിച്ച് നിൽക്കുന്നത്. കള്ളക്കേസിനെ പാർട്ടി നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും പ്രകാശ് ജാവഡേക്കർ പറഞ്ഞു.

കെ. സുരേന്ദ്രനെ വേട്ടയാടാൻ അനുവദിക്കില്ല -സി.കെ. പത്മനാഭൻ

കണ്ണൂർ: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കുറ്റപത്രം സമർപ്പിച്ചത് രാഷ്ട്രീയ പ്രേരിതമാണെന്ന് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ. പത്മനാഭൻ. കെ. സുരേന്ദ്രനെ വേട്ടയാടാൻ ബി.ജെ.പി പ്രവർത്തകർ അനുവദിക്കില്ല. സുരേന്ദ്രനെതിരെ തെളിവില്ലാത്തതു കൊണ്ടാണ് ഒന്നര വർഷമായിട്ടും ക്രൈംബ്രാഞ്ചിന് ഒന്നും ചെയ്യാൻ കഴിയാതിരുന്നത്. കള്ളക്കേസ് ബി.ജെ.പി നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

കെ. സുരേന്ദ്രനെതിരായ കള്ളക്കേസ്: ബി.ജെ.പി നേരിടും -കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരായ ആരോപണങ്ങളെ മറച്ചുപിടിക്കാനാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ. സംസ്ഥാന അദ്ധ്യക്ഷനെതിരായ കള്ളക്കേസ് ബിജെപി നിയമപരമായും രാഷ്ട്രീയമായും നേരിടും. ഒന്നരവർഷമായി അന്വേഷിച്ചിട്ടും എവിടെയുമെത്താത്ത കേസ് വീണ്ടും ഉയർത്തിക്കൊണ്ടു വരുന്നത് സർക്കാർ പ്രതിസന്ധിയിലായതു കൊണ്ട് മാത്രമാണ്.

Tags:    
News Summary - AP Abdullakutty about case against k surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.