കൊച്ചി: കോവിഡ് നിർണയത്തിനുള്ള ആർ.ടി.പി.സി.ആർ പരിശോധന നിരക്ക് 500 രൂപയായി കുറച്ച സർക്കാർ നടപടിക്കെതിരായ അപ്പീൽഹരജി ഹൈകോടതി തള്ളി.
നിരക്ക് കുറച്ചതിൽ ഇടപെടാത്ത സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് തിരുവനന്തപുരം ദേവി സ്കാൻസ് അടക്കം നൽകിയ അപ്പീൽ ഹരജികളാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്. അതേസമയം, ഹരജിയില്‍ ഉന്നയിച്ച നിയമപരമായ വിഷയങ്ങളടക്കം സിംഗിള്‍ ബെഞ്ചിന് മുന്നില്‍ ഉന്നയിക്കാമെന്ന് കോടതി വ്യക്തമാക്കി.
നിരക്ക് 1700 രൂപയിൽനിന്ന് 500 ആയി കുറച്ച ഏപ്രില്‍ 30ലെ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സിംഗിൾ ബെഞ്ചിനെ സമീപിച്ചത്. ഏകപക്ഷീയമായി നിരക്ക് കുറച്ചത് നിയമപരമല്ലെന്നും തീരുമാനം സ്‌റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടെങ്കിലും സിംഗിൾ ബെഞ്ച് അനുവദിച്ചില്ല. തുടർന്നാണ് അപ്പീൽ ഹരജി നൽകിയത്.
മറ്റ് സംസ്ഥാനങ്ങളിലെ കുറഞ്ഞ നിരക്ക് വിലയിരുത്തിയാകും സ്‌റ്റേ ആവശ്യം സിംഗിൾ ബെഞ്ച് നിരസിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹരിയാന, തെലങ്കാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നിരക്ക് 500ഉം ഒഡിഷയില്‍ 400ഉം പഞ്ചാബില്‍ 450ഉം ആണെന്നാണ് സർക്കാർ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.