ഇടുക്കി കലക്ടറെ തെരഞ്ഞെടുപ്പിന് നിയോഗിക്കുന്നത് പുനഃപരിശോധിക്കണം -ഹൈകോടതി

കൊച്ചി: മൂന്നാർ അടക്കം പ്രദേശങ്ങളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടികൾ താളം തെറ്റാതിരിക്കാൻ ഇടുക്കി ജില്ല കലക്ടറെ ഉത്തരേന്ത്യയിലെ തെരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ഹൈകോടതി. സംഘത്തിൽ മറ്റൊരു ഉദ്യോഗസ്ഥനെ ഉൾപ്പെടുത്തി ഇടുക്കി കലക്ടറെ ഒഴിവാക്കാനാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സർക്കാറിനോട് ആവശ്യപ്പെട്ടത്.

മൂന്നാർ വിഷയങ്ങളിലുള്ള ഹരജികൾ പരിഗണിക്കവേ ജില്ല കലക്ടറെ തെരഞ്ഞെടുപ്പ് സംഘത്തിൽ ഉൾപ്പെടുത്തിയ കാര്യം അമിക്കസ്ക്യൂറി കോടതിയുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. കൈയേറ്റക്കാരെ കോടതി ഉത്തരവുപ്രകാരം സമയബന്ധിതമായി ഒഴിപ്പിക്കാൻ കലക്ടർ മാറുന്ന സാഹചര്യത്തിൽ സാധ്യമാകില്ലെന്ന് അമിക്കസ്ക്യൂറി ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച പല ഉത്തരവുകൾ പുറപ്പെടുവിക്കുകയും കലക്ടറുമായി ആശയവിനിമയം നടത്തുകയും ചെയ്തിട്ടുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

രണ്ടുമാസത്തിനകം ബന്ധപ്പെട്ടവരെക്കൂടി കേട്ട് ഭൂമി ഒഴിപ്പിക്കലടക്കം ഭൂസംരക്ഷണ നടപടികൾ പൂർത്തിയാക്കാമെന്ന് കലക്ടർ ഉറപ്പുനൽകിയതാണ്. ഈ സാഹചര്യത്തിൽ കലക്ടറെ നീക്കുന്നത് തുടർനടപടികൾ തകിടം മറിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് പുനഃപരിശോധനക്ക് സർക്കാറിന് നിർദേശം നൽകിയത്.

Tags:    
News Summary - Appointment of Idukki Collector for election should be reviewed - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.