എൻ.ടി.പി.സി ലോ ഓഫിസർ നിയമനം: ക്ലാറ്റ് വ്യവസ്ഥ ഭരണഘടനവിരുദ്ധമെന്ന് ഹൈകോടതി

കൊച്ചി: നാഷനൽ തെർമൽ പവർ കോർപറേഷനിൽ (എൻ.ടി.പി.സി) അസി. ലോ ഓഫിസർ നിയമനത്തിന് നിയമ ബിരുദാനന്തര ബിരുദ പഠനത്തിനുള്ള പൊതു പ്രവേശന പരീക്ഷയായ ക്ലാറ്റ് (കോമൺ ലോ അഡ്‌മിഷൻ ടെസ്റ്റ്) നിർബന്ധമല്ലെന്ന് ഹൈകോടതി. ഉദ്യോഗാർഥികൾ ക്ലാറ്റ് എഴുതിയിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനവിരുദ്ധമാണെന്ന് വിലയിരുത്തിയ ജസ്റ്റിസ് വി.ജി. അരുൺ ഇതിന്‍റെ പേരിൽ നിരസിച്ച അപേക്ഷ നിയമനനടപടിക്ക് പരിഗണിക്കാൻ ഉത്തരവിട്ടു. വിവാദ വ്യവസ്ഥ ചോദ്യംചെയ്ത് തൃശൂർ സ്വദേശിനിയായ എൽ.എൽ.എം വിദ്യാർഥിനി ഐശ്വര്യ മോഹൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.2021 ഡിസംബറിലാണ് അസി. ലോ ഓഫിസർ നിയമനത്തിന് എൻ.ടി.പി.സി അപേക്ഷ ക്ഷണിച്ചത്. കുറഞ്ഞത് 60 ശതമാനം മാർക്കോടെ നിയമബിരുദം വേണമെന്നതടക്കമുള്ള വ്യവസ്ഥകൾക്ക് പുറമെയാണ് ക്ലാറ്റ് എഴുതിയിരിക്കണമെന്ന് നിഷ്‌കർഷിച്ചത്.

ദേശീയതലത്തിൽ 1721 ലോ കോളജുകളുണ്ടെങ്കിലും 23 കോളജുകൾ മാത്രമാണ് ക്ലാറ്റ് നടത്തുന്ന നാഷനൽ കൺസോർഷ്യം ഓഫ് ലോ യൂനിവേഴ്‌സിറ്റിയിലുള്ളത്. ദേശീയതലത്തിൽ 2021 ജൂണിൽ നടത്തിയ ക്ലാറ്റ് ഫലം അടിസ്ഥാനമാക്കി അസി. ലോ ഓഫിസർ നിയമനം നടത്തുന്നത് വിവേചനമാണെന്നായിരുന്നു ഹരജിക്കാരിയുടെ വാദം. വ്യവസ്ഥ നിശ്ചയിക്കാൻ തൊഴിലുടമക്ക് അധികാരമുണ്ടെന്നും 10 ഒഴിവുകളിലേക്ക് ദേശീയതലത്തിൽ പരീക്ഷ നടത്തുന്നത് പ്രായോഗികമല്ലാത്തതിനാലാണ് ക്ലാറ്റ് ഫലം അടിസ്ഥാനമാക്കിയതെന്നും എൻ.ടി.പി.സിയും കേന്ദ്രസർക്കാറും അറിയിച്ചു. എന്നാൽ, പൊതു തൊഴിൽ മേഖലയിൽ ഇത്തരം വിവേചനം ഏർപ്പെടുത്തുന്നത് ഭരണഘടനയുടെ 16ആം അനുച്ഛേദത്തിന്‍റെ ലംഘനമാണെന്ന് കോടതി വിലയിരുത്തി.

തൊഴിലുടമ ഏർപ്പെടുത്തുന്ന വ്യവസ്ഥ സ്വേച്ഛാപരമോ യുക്തിക്ക് നിരക്കാത്തതോ ആണെങ്കിൽ കോടതിക്ക് ഇടപെടാനാവും. പേരും പെരുമയുമുള്ള സ്ഥാപനങ്ങളിൽ പഠിച്ചവർക്ക് മാത്രമേ പ്രഫഷണലിസവും കഴിവുമുണ്ടാകൂവെന്ന ധാരണക്ക് അടിസ്ഥാനമില്ല.

ദേശീയ നിയമ സർവകലാശാലകളിൽ പഠിച്ചവർക്ക് കൂടുതൽ വൈദഗ്‌ധ്യമുണ്ടാകുമെന്ന് അംഗീകരിച്ചാൽപോലും മറ്റുള്ളവർക്ക് മത്സരിക്കാനുള്ള അവസരം നിഷേധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.ഹരജിക്കാരിയുടെ അപേക്ഷ സ്വീകരിക്കാൻ കോടതി നേരത്തേ ഇടക്കാല ഉത്തരവ് നൽകിയിരുന്നതാണ്.

വ്യവസ്ഥ ഭരണഘടനവിരുദ്ധമെന്ന് കണ്ടെത്തിയതോടെ എഴുത്തുപരീക്ഷക്കും അഭിമുഖത്തിനുമടക്കം ഉചിതമായ നിയമനനടപടിക്ക് അപേക്ഷകയെ പരിഗണിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.

Tags:    
News Summary - Appointment of NTPC Law Officer: High Court rules clat system unconstitutional

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.