കൊച്ചി: പി.എസ്.സി നിയമന ശിപാർശ ലഭിച്ച അധ്യാപകരുടെ നിയമന കാര്യത്തിൽ ജൂൺ 29നകം അന്തിമ തീരുമാനമെടുക്കണമെന്ന് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (കെ.എ.ടി). ഇക്കാര്യം സർക്കാറിെൻറ പരിഗണനയിലാണെന്നും രണ്ടാഴ്ചക്കകം അനുകൂല നിലപാട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന സർക്കാർ അഭിഭാഷകെൻറ വിശദീകരണം രേഖപ്പെടുത്തിയാണ് ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്.
നിയമന ശിപാർശ ലഭിച്ചിട്ടും സ്കൂൾ തുറക്കാത്തതിെൻറ പേരിൽ നിയമനം നടത്താത്തത് ചൂണ്ടിക്കാട്ടി ഒരു കൂട്ടം ഉദ്യോഗാർഥികൾ നൽകിയ ഹരജിയാണ് കെ.എ.ടി പരിഗണിച്ചത്.
ഉറപ്പായ നിയമനത്തിലൂടെ ലഭിക്കേണ്ട ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നതിന് ന്യായീകരണമില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം. നിയമപരമായി നിയമനം നേടിയിട്ടും അധ്യാപകരായി പ്രവർത്തിക്കാൻ തടസ്സം നേരിടുന്നു. എയ്ഡഡ് സ്കൂളുകളിൽ താൽക്കാലിക നിയമനത്തിന് പോലും അംഗീകാരം നൽകുേമ്പാഴാണ് നിയമന ശിപാർശ ലഭിച്ചവർ തഴയപ്പെടുന്നത്. നിയമിക്കപ്പെട്ട തസ്തികയിൽ നൽകേണ്ട ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും തങ്ങൾ അർഹരാെണന്നും നൽകാൻ ഉത്തരവിടണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
കോവിഡ് സാഹചര്യത്തിൽ സ്കൂളുകൾ പ്രവർത്തനം തുടങ്ങാത്തതിനാലാണ് ഇവരുടെ നിയമനം നടക്കാത്തതെന്നായിരുന്നു സർക്കാർ വിശദീകരണം. തുടർന്നാണ് രണ്ടാഴ്ചക്കകം അനുകൂല തീരുമാനമുണ്ടാകുമെന്ന് വ്യക്തമാക്കിയത്. ഇക്കാര്യം രേഖപ്പെടുത്തിയ കെ.എ.ടി ഹരജി വീണ്ടും 29ന് പരിഗണിക്കാൻ മാറ്റി. ഇതിനകം നിയമനക്കാര്യത്തിൽ തീരുമാനമെടുത്ത് അറിയിക്കാനാണ് നിർദേശം. അല്ലാത്തപക്ഷം ഹരജിക്കാരുടെ ആവശ്യം അംഗീകരിച്ച് ശമ്പളം നൽകണമെന്ന കാര്യം പരിഗണിക്കാൻ നിർബന്ധിക്കപ്പെടുമെന്ന് കോടതി വ്യക്തമാക്കി. എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നതും ഓൺലൈൻ ക്ലാസുകൾക്ക് താൽക്കാലികക്കാരുടെ സേവനം തേടുന്നതും സംബന്ധിച്ച ആക്ഷേപങ്ങളിൽ വിശദീകരണം നൽകാനും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.