വി.സി നിയമനം: നിയമഭേദഗതിയിൽ ചാൻസലറെടുത്ത തീരുമാനം അറിയിക്കണമെന്ന് ഹൈകോടതി

കൊച്ചി: സംസ്ഥാനത്തെ സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട നിയമഭേദഗതിയിൽ ചാൻസലറായ ഗവർണറെടുത്ത തീരുമാനം അറിയിക്കണമെന്ന് ഹൈകോടതി. സെർച് കമ്മിറ്റി രൂപവത്കരിക്കുന്നതിലടക്കം കൊണ്ടുവന്ന ഭേദഗതി സംബന്ധിച്ചാണ് ജസ്‌റ്റിസ്‌ മുഹമ്മദ്‌ മുഷ്‌താഖ്‌, ജസ്‌റ്റിസ്‌ ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്‌ നിലപാട് തേടിയത്.

വിശദീകരണത്തിന് ചാൻസലറുടെ അഭിഭാഷകൻ സമയം തേടിയതിനെത്തുടർന്ന് വി.സിമാരെ നിയമിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് ഇക്കണോമിക്‌സ്‌ വിഭാഗം മുൻ മേധാവി ഡോ. മേരി ജോർജ് നൽകിയ ഹരജി 18ന് പരിഗണിക്കാൻ മാറ്റി. സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിൽ വി.സിമാരുടെ നിയമനം നടത്താനുണ്ടെന്നും സ്ഥിര നിയമനം നടത്താൻ ഗവർണർക്ക് നിർദേശം നൽകണമെന്നുമായിരുന്നു ഹരജി.

നിയമസഭ പാസാക്കിയ സർവകലാശാല ബില്ലുകളിൽ ഗവർണറുടെ അനുമതി വൈകുന്നതിനാലാണ് സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ വി.സി നിയമനം വൈകുന്നതെന്നും ഓരോ വി.സിയുടെയും നിയമന നടപടികളിൽ വ്യത്യാസമുണ്ടെന്നുമുള്ള സർക്കാർ വിശദീകരണത്തെതുടർന്ന് ഹരജി നിലനിൽക്കുമോയെന്ന കാര്യമാകും കോടതി ആദ്യം പരിശോധിക്കുക.

സർവകലാശാല നിയമഭേദഗതി ബില്ലുകളിൽ ഗവർണർ തീരുമാനം എടുക്കാൻ വൈകുന്നതിനാലാണ്‌ സ്ഥിരം വി.സിമാരുടെ നിയമനം വൈകാൻ കാരണമെന്നാണ് സർക്കാർ വിശദീകരണം.

Tags:    
News Summary - Appointment of VC: notify the decision taken by the chancellor on the amendment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.