തിരുവനന്തപുരം: കേരള നിയമസഭയുടെ ആഭിമുഖ്യത്തില്‍ ജനുവരി 7 മുതല്‍ 13 വരെ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ തിരിതെളിയും. രാവിലെ 10.30ന് ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും.
മലയാള സര്‍ഗാത്മക സാഹിത്യത്തിന് നിസ്തുല സംഭാവന നല്‍കിയ എം മുകുന്ദന് മുഖ്യമന്ത്രി നിയമസഭാ അവാര്‍ഡ് സമ്മാനിക്കും. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ കര്‍ണാടക സ്പീക്കര്‍ യു.ടി. ഖാദര്‍ ഫരീദ് മുഖ്യാതിഥിയാവും. പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ സ്മരണിക പ്രശസ്ത സാഹിത്യകാരന്‍ ദേവദത്ത് പട്‌നായിക്ക് പ്രകാശനം ചെയ്യും.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സ്വാഗതം ആശംസിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, മന്ത്രിമാരായ വി. ശിവന്‍കുട്ടി, സജി ചെറിയാന്‍, ജി.ആര്‍. അനില്‍, പ്രതിപക്ഷ ഉപനേതാവ് കുഞ്ഞാലിക്കുട്ടി, ജില്ലാ കളക്ടര്‍ അനുകുമാരി എന്നിവര്‍ ആശംസയും നിയമസഭ സെക്രട്ടറി ഡോ.എന്‍. കൃഷ്ണ കുമാര്‍ നന്ദിയും അര്‍പ്പിക്കും. ജനുവരി 13 വൈകിട്ട് 3.30 ന് നടക്കുന്ന സമാപന ചടങ്ങ് നടന്‍ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും. നടന്‍ ഇന്ദ്രന്‍സിനെ ചടങ്ങില്‍ ആദരിക്കും. ശ്രീലങ്കന്‍ സാഹിത്യകാരി വി.വി. പദ്മസീലി മുഖ്യാതിഥിയാകും.
പുസ്തകോത്സവത്തിലെ വിവിധ വിഭാഗങ്ങളില്‍ രാഷ്ട്രീയം, കല, സാഹിത്യം, സിനിമ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്. 250 സ്റ്റാളുകളിലായി 166ലധികം ദേശീയ അന്തര്‍ദേശീയ പ്രസാധകര്‍ അണിനിരക്കുന്ന മേളയില്‍ 313 പുസ്തകപ്രകാശനങ്ങള്‍ക്കും 56 പുസ്തക ചര്‍ച്ചകള്‍ക്കും വേദിയൊരുങ്ങും. പാനല്‍ ചര്‍ച്ചകള്‍, ഡയലോഗ്, ടാക്ക്, മീറ്റ് ദ ഓതര്‍, സ്മൃതിസന്ധ്യ, കവിയരങ്ങ്, കഥാപ്രസംഗം, കവിയും കവിതയും, കഥയരങ്ങ്, ഏകപാത്രനാടകം, സിനിമയും ജീവിതവും തുടങ്ങി വിവിധ വിഭാഗങ്ങളില്‍ 70ലധികം പരിപാടികള്‍ നടക്കും.
കുട്ടികള്‍ക്കായി ഒരുക്കുന്ന സ്റ്റുഡന്റ്‌സ് കോര്‍ണറാണ് ഈ പതിപ്പിലെ സവിശേഷത. വിദ്യാര്‍ത്ഥികള്‍ രചിച്ച പുസ്തകങ്ങള്‍ അവിടെ പ്രകാശനം ചെയ്യും. കുട്ടികള്‍ക്കായുള്ള സ്റ്റേജ് പ്രോഗ്രാമുകളും അവതരിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നിയമസഭാ ഹാള്‍, മ്യൂസിയങ്ങള്‍, മൃഗശാല എന്നിവ സന്ദര്‍ശിക്കാനുള്ള പാക്കേജും ഒരുക്കുന്നുണ്ട്. കെ. എസ്. ആര്‍. ടി. സിയുടെ ഡബിള്‍ ഡെക്കര്‍ ബസില്‍ സിറ്റി റൈഡും ക്രമീകരിച്ചിട്ടുണ്ട്.
ദിവസവും വൈകീട്ട് ഏഴ് മുതല്‍ വിവിധ മാധ്യമങ്ങളുടെ നേതൃത്വത്തിലുള്ള മെഗാഷോ നടക്കും. പുസ്തകോത്സവ സ്റ്റാളുകളില്‍ നിന്ന് വാങ്ങുന്ന 100 രൂപയില്‍ കുറയാത്ത പര്‍ച്ചേസിന് സമ്മാന കൂപ്പണ്‍ നല്‍കും. എല്ലാ ദിവസവും നറുക്കിട്ട് 20 വിജയികള്‍ക്ക് 500 രൂപയുടെ പുസ്തക കൂപ്പണ്‍ നല്‍കും. പുസ്തകോത്സവത്തിന്റെ ഭാഗമായി ഫുഡ്‌കോര്‍ട്ടും സജ്ജീകരിച്ചിട്ടുണ്ട്.
നിയമസഭാ സമുച്ചയത്തിനുള്ളിലെ ശങ്കരനാരായണന്‍ തമ്പി ഹാളാണ് പ്രധാന വേദി. അസംബ്ലി-അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കുകള്‍ക്കിടയിലെ വേദി, നിയമസഭയുടെ സ്റ്റുഡന്റ്‌സ് കോര്‍ണര്‍, പ്രസാധകരുടെ പരിപാടികള്‍ക്കുള്ള വേദികള്‍, ബുക്ക് ഒപ്പിടലിനുള്ള പ്രത്യേക വേദി ഉള്‍പ്പെടെ ഏഴ് വേദികളിലാണ് പരിപാടികള്‍ അരങ്ങേറുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.