കൊച്ചി: കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ടില്ല. പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം ശരിയായ രീതിയിലല്ലെന്നും സി.ബി.ഐയെ ഏൽപിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ നൽകിയ ഹരജി ജസ്റ്റിസ് കൗസർ എടപ്പഗത്ത് തീർപ്പാക്കി. പ്രത്യേക സംഘത്തിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്ന് കേസ് ഡയറി പരിശോധിച്ചതിൽനിന്ന് ബോധ്യമായതായി വിലയിരുത്തിയാണ് ഉത്തരവ്.
അതേസമയം, കണ്ണൂർ റേഞ്ച് ഡി.ഐ.ജിയുടെ മേൽനോട്ടത്തിൽ നിഷ്പക്ഷവും സ്വതന്ത്രവുമായിരിക്കണം അന്വേഷണമെന്നും വേഗം പൂർത്തിയാക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. അന്വേഷണ പുരോഗതി ആഴ്ചതോറും ഡി.ഐ.ജിയെ അറിയിക്കണം. ഹരജിക്കാരിയെയും അറിയിക്കണം. നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന ഹരജിക്കാരിയുടെ ആരോപണമടക്കം അന്വേഷിക്കണം.
അന്വേഷണം പൂർത്തിയായാൽ അന്തിമ റിപ്പോർട്ടിന്റെ കരട് കൈമാറി ഡി.ഐ.ജിയുടെ അനുമതി വാങ്ങിയശേഷമേ കോടതിയിൽ സമർപ്പിക്കാവൂ. എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ അഴിമതിക്കാരനായി ചിത്രീകരിച്ച് പ്രസംഗിച്ചതിന് പിന്നാലെ ഒക്ടോബർ 15നാണ് നവീൻ ബാബുവിനെ കണ്ണൂരിലെ ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടത്.
ആത്മഹത്യ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായ ദിവ്യ ജാമ്യത്തിലാണ്. മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും അതിന് പിൻബലമായ വസ്തുതകളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മഞ്ജുഷ കോടതിയെ സമീപിച്ചത്. സി.പി.എം ജില്ല കമ്മിറ്റി അംഗമായിരുന്ന ദിവ്യക്ക് ഉന്നത രാഷ്ട്രീയ സ്വാധീനമുള്ളതിനാൽ പൊലീസിൽനിന്ന് നിഷ്പക്ഷമായ അന്വേഷണം പ്രതീക്ഷിക്കുന്നില്ലെന്നും ആരോപിച്ചിരുന്നു.
എന്നാൽ, സി.ബി.ഐ അന്വേഷണം അനിവാര്യമാക്കുന്ന എന്തെങ്കിലും പിഴവ് ചൂണ്ടിക്കാട്ടാൻ ഹരജിക്കാരിക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഭരണകക്ഷിയുമായി പ്രതിക്കുള്ള ബന്ധത്തിന്റെ പേരിൽ മാത്രം അന്വേഷണം സി.ബി.ഐക്ക് കൈമാറാനാകില്ല. അന്വേഷണസംഘത്തെ സംശയിക്കാൻ കാരണങ്ങളില്ല. തുടക്കം മുതൽ ശരിയായ രീതിയിലാണ് അന്വേഷണം.
സംഭവം നടന്ന് 15 മണിക്കൂറിനുശേഷമാണ് ബന്ധുക്കൾ എത്തിയത്. ഇൻക്വസ്റ്റ് ബന്ധുക്കളുടെ സാന്നിധ്യത്തിലാവണമെന്ന് നിർബന്ധമില്ല. അഞ്ച് സ്വതന്ത്ര സാക്ഷികളുടെ സാന്നിധ്യത്തിലായിരുന്നു ഇൻക്വസ്റ്റ്. മൃതദേഹത്തിൽനിന്നടക്കം ആത്മഹത്യക്കുറിപ്പ് ലഭിച്ചിട്ടില്ലെന്നത് കേസ് ഡയറിയിൽ വ്യക്തമാണ്. മൂത്രാശയക്കല്ലടക്കമുള്ള കാരണങ്ങളാവാം അടിവസ്ത്രത്തിലെ രക്തക്കറക്ക് പിന്നിൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇത് പരാമർശിക്കാത്തതിന് കാരണം ഇതാകാമെന്ന ഡോക്ടറുടെ വിശദീകരണം കേസ് ഡയറിയിലുണ്ടെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.