മുകേഷിന്റെ കാര്യത്തിൽ ഉചിത തീരുമാനം ഉടൻ; ഇടതു സർക്കാർ വേട്ടക്കാർക്കൊപ്പമാകില്ല -ബിനോയ് വിശ്വം

കാസർകോട്: മലയാള സിനിമയിലെ വേട്ടക്കാർക്കൊപ്പമാകില്ല ഇടതുപക്ഷ സർക്കാറെന്നും നടൻ മുകേഷിന്റെ കാര്യത്തിൽ ഉചിത തീരുമാനം ഉടൻ ഉണ്ടാകുമെന്നും സി.പി.​ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കാസർകോട്ട് പാർട്ടി ഓഫിസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുകേഷിന്റെ കാര്യം ആവർത്തിച്ച് ചോദിച്ചപ്പോൾ 2013ലെ സുപ്രീംകോടതിയുടെ ലളിതകുമാരി-ഉത്തർപ്രദേശ് സർക്കാർ വിധി മായാതെ കിടപ്പുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഒരു പരാതി ലഭിച്ചാൽ എഫ്.ഐ.ആർ ഇടണമെന്നത് പൊലീസിന്റെ പ്രാഥമിക കടമയാണ്. സുപ്രീംകോടതിയുടെ വിധി മാഞ്ഞിട്ടില്ല. അതുകൊണ്ട് മുകേഷിന്റെ കാര്യത്തിൽ സർക്കാർ ഉചിത തീരുമാനമെടുക്കുമെന്ന് ഉറപ്പുണ്ട്.

മുകേഷിനെ പിന്തുണച്ച സുരേഷ് ഗോപിയെയും ബിനോയ് വിശ്വം പരിഹസിച്ചു. അദ്ദേഹം ഇപ്പോഴും ‘ഓർമയുണ്ടോ ഈ മുഖം, ജസ്റ്റ് റിമംബർ ദാറ്റ്’ എന്ന അവസ്ഥയിലാണ്. അദ്ദേഹം ഒരു ജനപ്രതിനിധിയുടെ മാന്യതയും അന്തസ്സും കാണിക്കണം. ചലച്ചിത്ര മേഖല വേട്ടക്കാർ അഴിഞ്ഞാടുന്ന മേഖലയായി. ഡബ്ല്യു.സി.സി ഉണ്ടായ കാലംമുതൽ സി.പി.ഐ അവർക്കൊപ്പമാണ്. അമ്മ എന്ന സംഘടന പിരിച്ചുവിട്ടത് ഉചിതമായ തീരുമാനമാണ്. ഈ സംഘടനയിലെ ചിലരാണ് മലയാളം കണ്ട ഏറ്റവും വലിയ നടനായ തിലകനെയും സംവിധായകനായ വിനയനെയും വിലക്കിയത്.

സിനിമ മേഖലയിലെ ഈ പ്രവണതകൾക്കെതിരെ എ.ഐ.ടി.യു.സിയാണ് ആദ്യം തൊഴിലാളി സംഘടന രൂപവത്കരിക്കുന്നത്. അതിനെ തകർത്തതും അമ്മയിലെ ചിലരാണ്. വനിത കൂട്ടായ്മ മുന്നോട്ടുവെച്ച കാര്യങ്ങൾ അന്വേഷിക്കാൻ ആദ്യമായി കമ്മിറ്റിയെ നിയോഗിച്ചത് ഇടതുപക്ഷ സർക്കാറാണ്. അവർ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ നാല് വനിത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ആറംഗ സംഘത്തെ അന്വേഷിക്കാൻ നിയോഗിച്ചു. അത് ഇടതുപക്ഷത്തിന്റെ സ്ത്രീപക്ഷ നിലപാടിന്റെ ഭാഗമാണ് -ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. ഇ. ചന്ദ്രശേഖരൻ എം.എൽ.എയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. 

Tags:    
News Summary - Appropriate decision in Mukesh's case soon; Left government will not be with poachers - Binoy Vishwam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.