പത്തനംതിട്ട: സംസ്ഥാനത്തുതന്നെ ഏറ്റവുമധികം വോട്ടർമാരുള്ള മണ്ഡലമാണ് ആറന്മുള. പേരുകേട്ട വള്ളംകളിയുടെ ഗരിമ പേരുന്ന ഗ്രാമങ്ങൾ. ഇത്തവണ 2,36, 632 വോട്ടർമാർ ആറന്മുളയിലുണ്ട്. ഇവരിൽ 1,24,531 സ്ത്രീകളും 1,12,100 പുരുഷൻമാരും ആറന്മുളയിൽ വോട്ടവകാശം വിനിയോഗിക്കാനുണ്ടാകും. സ്ത്രീ വോട്ടര്‍മാരും പുരുഷ വോട്ടര്‍മാരും കൂടുതലുള്ളത് ആറന്മുളയിലാണ്. വിസ്തൃതിയിലും എണ്ണത്തിലും മുന്നിലെത്തിയതിനൊപ്പം ആറന്മുളയുടെ നിലപാടുകൾക്കും പ്രസക്തിയേറി.
മണ്ഡല പുനർവിഭജനശേഷം ആദ്യ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂലമായി വിധിയെഴുതിയ മണ്ഡലം ലോക്സഭ തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനെയാണ് പിന്തുണക്കാറുള്ളത്. എന്നാൽ 2016, 2021 നിയമസഭ തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിനോടാണ് ആറന്മുള വിധേയത്വം കാട്ടിയത്.
മണ്ഡല പുനർവിഭജത്തിനു മുമ്പ് പഴയ ആറന്മുള, മാവേലിക്കര ലോക്സഭ മണ്ഡലത്തിന്റെയും പത്തനംതിട്ട ഇടുക്കിയുടെയും ഭാഗമായിരുന്നു. രണ്ട് നിയമസഭ മണ്ഡലങ്ങളും കോൺഗ്രസ് അനുകൂല നിലപാടാണ് എടുത്തിട്ടുള്ളത്. നിയമസഭ മണ്ഡലം രൂപവത്കരിച്ച 1957 മുതൽ കോൺഗ്രസിന് ശക്തമായ മുൻതൂക്കം ഉണ്ടായിരുന്ന മേഖലയായിരുന്നു ആറന്മുള. 1957ൽ കോൺഗ്രസിൽ നിന്ന് ജയിച്ചത് കെ. ഗോപിനാഥൻ പിള്ളയാണ്. ഇടക്ക് 1967, 1970 തെരഞ്ഞെടുപ്പുകൾ ഒഴിച്ചാൽ പിന്നീട് ഒരു ദശാബ്ദക്കാലത്തോളം കോൺഗ്രസിന് കൃത്യമായ പിന്തുണ ലഭിച്ചു.
2009 മുതലുള്ള തെരഞ്ഞെടുപ്പുകളിലും മണ്ഡലം അതേ നിലയിൽ മുമ്പോട്ടു പോയി. നിയമസഭ തെരഞ്ഞെടുപ്പുകളിലും ആറന്മുള ഏറെയും യു.ഡി.എഫിനൊപ്പം മുന്നോട്ട് പോയെങ്കിലും 1996 മുതലുള്ള തെരഞ്ഞെടുപ്പുകളിൽ ചില മാറ്റങ്ങൾ കണ്ടു തുടങ്ങിയിരുന്നു.
തുടർന്ന് ആറന്മുളയിൽ ഇടതുപ്രതിനിധികളായി എത്തിയത് കവി കടമ്മനിട്ട രാമകൃഷ്ണനും കെ.സി. രാജഗോപാലും. 1967 മുതൽ 2001 വരെയുള്ള നിയമസഭ തെരഞ്ഞെടുപ്പുകളിൽ 1977ൽ ഒഴികെ പത്തനംതിട്ടക്ക് കെ.കെ. നായർ എന്ന ഒരു ജനപ്രതിനിധിയേ ഉണ്ടായിരുന്നുള്ളൂ. നായരുടെ രാഷ്ട്രീയം മാറിമാറി വന്നു.
2006ൽ നായർ സ്വതന്ത്രനായി വീണ്ടും മത്സരിച്ചു പരാജയപ്പെട്ടു. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ കന്നി അങ്കത്തിൽ അദ്ദേഹം ബി.എസ്.പി സ്ഥാനാർഥിയായും മത്സരിച്ചു.
പത്തനംതിട്ടയെന്നാൽ കെ.കെ. നായർ എന്ന യുഗംകൂടിയാണ് മണ്ഡല പുനർവിഭജനത്തോടെ ഇല്ലാതായത്.
പത്തനംതിട്ട ലയിച്ച് ആറന്മുളയായ മണ്ഡലം ഇതിനിടെ രണ്ട് തെരഞ്ഞെടുപ്പുകളിൽ ഇടതു ചേരിയിലാണ്. നിയമസഭ തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിനൊപ്പം നിൽക്കുമ്പോഴും ലോകസ്ഭ തെരഞ്ഞെടുപ്പുകളിൽ ആറന്മുള എന്നും കോൺഗ്രസിന് ഒപ്പമാണ് നിന്നിട്ടുള്ളത്.
പത്തനംതിട്ട, കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ലോക്സഭ മണ്ഡലത്തിന്റെ ആസ്ഥാനമാണ് പത്തനംതിട്ട ഉൾപ്പെടുന്ന ആറന്മുള മണ്ഡലം. സ്ഥാനാർഥികൾ ഒരുദിവസംകൊണ്ട് ആറന്മുള മണ്ഡല പര്യടനം പൂർത്തിയാക്കാറില്ല. മുന്നണി സ്ഥാനാർഥികൾ മൂവർക്കും ഏറെ പ്രതീക്ഷയുള്ള മണ്ഡലം കൂടിയാണ് ആറന്മുള. പ്രചാരണ വിഷയങ്ങളിലും വൈവിധ്യങ്ങളുണ്ടായി. രാഷ്ട്രീയപരമായ സ്വാധീനം ഉപയോഗപ്പെടുത്താനാണ് മുന്നണി സ്ഥാനാർഥികളും പ്രവർത്തകരും ശ്രമിക്കുന്നത്.
നേതാക്കൻമാർ നേരിട്ടു തന്നെ പ്രചാരണം നിയന്ത്രിക്കുന്ന മണ്ഡലമെന്ന പ്രത്യേകത കൂടി ആറന്മുളക്കുണ്ട്. ലോക്സഭ മണ്ഡല കൺവൻഷനുകൾ നടന്നതും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്നതുമെല്ലാം ആസ്ഥാന മണ്ഡലത്തിലാണ്.
കേന്ദ്ര, സംസ്ഥാന നേതാക്കൾ തെരഞ്ഞെടുപ്പ് പര്യടനത്തിനെത്തുന്നതും പത്തനംതിട്ടയിലേക്കാണ്. അതുകൊണ്ടുതന്നെ ലോക്സഭ മണ്ഡലത്തിന്റെ പ്രചാരണം നിയന്ത്രിക്കുന്ന കേന്ദ്രബിന്ദു ആറന്മുളയായി മാറിയിട്ടുണ്ട്.
2014 ലോക്സഭ
ആന്റോ ആന്റണി (കോൺ.) - 58,826
പീലിപ്പോസ് തോമസ് (സി.പി.എം സ്വത,) - 47,477
എം.ടി. രമേശ് (ബി.ജെ.പി) -23,771
2019 ലോക്സഭ
ആന്റോ ആന്റണി (കോൺഗ്രസ്) - 59,277
വീണ ജോർജ് (സി.പി.എം) - 52,684
കെ. സുരേന്ദ്രൻ (ബി.ജെ.പി) - 50, 497
2016 നിയമസഭ
വീണ ജോർജ് (സി.പി.എം) - 64,523
കെ. ശിവദാസൻ നായർ (കോൺ) - 56,877
എം.ടി. രമേശ് (ബി.ജെ.പി) - 37,906.
`2021 നിയമസഭ
വീണ ജോർജ് (സി.പി.എം) - 74,950
കെ. ശിവദാസൻ നായർ (കോൺ) - 55,947
ബിജു മാത്യു (ബി.ജെ.പി) - 29,099
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.