മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജ് കാമ്പസിൽ ബൈക്ക് പാർക്ക് ചെയ്യുന്നതു സംബന്ധിച്ച തർക്കത്തെ തുടർന്ന് കരാർ ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു.
മെഡിക്കൽ കോളജ് കിഴങ്ങുവിളയിൽ സുരേഷ് ആണ് (47) അറസ്റ്റിലായത്. ഞായറാഴ്ച രാത്രി ഡെൻറൽ കോളജിനു സമീപത്താണ് സംഭവം. തലക്ക് വെട്ടേറ്റ മംഗലപുരം സ്വദേശി റാഫിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിപ്പിച്ചു. പ്രതി മെഡിക്കൽ കോളജിനു സമീപം കരിക്കുകച്ചവടം നടത്തുന്നയാളാണ്.
ഞായറാഴ്ച രാത്രി സുരേഷിന്റെ ബൈക്ക് സ്റ്റാർട്ട് ആകാത്തതിനാൽ കാർ പാർക്ക് ചെയ്യുന്നയിടത്തേക്ക് ഇയാൾ ബൈക്ക് കയറ്റിവെച്ചു. ഇത് പാർക്കിങ് ഫീസ് പിരിക്കുന്ന റാഫിയും സുഹൃത്തും ചോദ്യം ചെയ്തു. തുടർന്നു നടന്ന വാക്കുതർക്കത്തിനൊടുവിൽ സുരേഷ് കരിക്ക് വെട്ടാൻ ഉപയോഗിക്കുന്ന കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. വെട്ടുകൊണ്ട് റാഫിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റു. ആശുപത്രിയിലെത്തിച്ച റാഫിക്ക് തലയിൽ പന്ത്രണ്ടോളം തുന്നലുണ്ട്. കൂടെയുണ്ടായിരുന്നയാൾക്കും പരിക്കുണ്ട്.
സംഭവശേഷം പ്രതി ബൈക്ക് ഉപേക്ഷിച്ച് വീട്ടിലേക്ക് പോയി. പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസ് വീട്ടിൽ വിളിച്ചെങ്കിലും ഇയാൾ കോയമ്പത്തൂരാണെന്നാണ് വീട്ടുകാർ പറഞ്ഞത്. എന്നാൽ, മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ വീടിനടുത്തു തന്നെ കാണിച്ചതിനാൽ പൊലീസ് വീട്ടിലെത്തി.
വീടിനു പുറത്തെ ബാത്ത്റൂമിനു സമീപം പതുങ്ങിയിരുന്ന പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാളായിരുന്നു മുമ്പ് ഡെൻറൽ കോളജിലെ പാർക്കിങ് കരാർ എടുത്തിരുന്നതെന്നും പൊലീസ് അറിയിച്ചു. പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.