ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരിഹാസത്തിന് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഓണാഘോഷത്തിന് പോലും വിളിക്കാത്തവരാണ് താൻ ഏതുനേരവും ഡൽഹിയിലാണെന്ന് പറയുന്നതെന്ന് ഗവർണർ പറഞ്ഞു.
തന്‍റെ യാത്രകളെല്ലാം രാഷ്ട്രപതി ഭവന്റെ അനുമതിയോടുകൂടിയാണ്. എന്തും പറയാനുള്ള അവകാശം അവർക്കുണ്ട്. ഓണാഘോഷത്തിന് പോലും വിളിക്കാത്തവരാണ് താൻ കേരളത്തിൽ ഇല്ലെന്ന് പരാതി പറയുന്നത്. സർക്കാറിനെ അട്ടിമറിക്കാൻ ഗവർണർ ശ്രമിക്കുന്നു എന്ന ആരോപണം എപ്പോഴും പറയുന്നതാണ്, അതിനെ കാര്യമായി എടുക്കുന്നില്ല -ഗവർണർ പറഞ്ഞു.
കേന്ദ്ര അവഗണനക്കെതിരെ ഡൽഹിയിൽ സംഘടിപ്പിച്ച കേരളത്തിന്‍റെ സമരത്തിൽ നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ വിമർശിച്ചത്. ഗവര്‍ണര്‍ക്ക് കേരളത്തില്‍ ചെലവഴിക്കാന്‍ സമയമില്ലെന്നും ഇന്നും ഗവര്‍ണര്‍ ഡല്‍ഹിയിലുണ്ടെന്നും സമരത്തില്‍ പങ്കെടുക്കാനാണോ ഗവര്‍ണര്‍ വന്നത് എന്ന് പലരും ചോദിച്ചുവെന്നുമാണ് മുഖ്യമന്ത്രി പരിഹസിച്ചത്.
ജനാധിപത്യവിരുദ്ധമായാണ് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ പെരുമാറുന്നതെന്നും കേരളത്തിന്റെ നേട്ടങ്ങൾക്കുള്ള ശിക്ഷയാണ് ഇപ്പോൾ നൽകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനങ്ങൾക്ക് പണം നൽകുന്നതിൽ കേന്ദ്രം വിവേചനം കാണിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. കേന്ദ്ര അവഗണനക്കെതിരെ ഡൽഹിയിൽ നടത്തിയ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാറിനെതിരെ കേരളം നടത്തുന്നത് അടിച്ചമർത്തലിനെതിരായ സമരമാണ്. ഇന്ത്യയുടെ ഫെഡറൽ ഘടകങ്ങൾ തകർക്കുവാനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നത്. ഇത് സംരക്ഷിക്കാൻ വേണ്ടിയുള്ള സമരമാണ് കേരളം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.