കൊച്ചി എന്ന മോഹവലയം

മലയാളസിനിമ പത്തുവര്‍ഷത്തിലേറെയായി കൊച്ചി കേന്ദ്രമായാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഈ അനുകൂല അന്തരീക്ഷം മുതലെടുത്താണ് സിനിമക്കുള്ളിലേക്ക് കടന്നുകയറാനാഗ്രഹിച്ച മയക്കുമരുന്ന് ലോബിയും കൊച്ചി കേന്ദ്രമാക്കിത്തുടങ്ങിയത്. 

സിനിമാമോഹം തലക്കുപിടിച്ച നൂറുകണക്കിന് ചെറുപ്പക്കാര്‍ ഈ നഗരത്തിലേക്ക് വണ്ടികയറി. ചെറിയ ജോലി ചെയ്ത് വട്ടച്ചെലവിന് വഴി കണ്ടത്തെിയ ഇവരുടെയുള്ളില്‍ എപ്പോഴും സിനിമാ മോഹം ജ്വലിച്ചുകൊണ്ടിരുന്നു. ഈ മോഹപ്പക്ഷികള്‍ മയക്കുമരുന്ന് ലോബിയുടെ വലയില്‍ എളുപ്പം വീഴുകയും ചെയ്തു. സിനിമാപ്രവര്‍ത്തകരുമായി പരിചയപ്പെടുന്നതിനുള്ള എളുപ്പവഴി എന്ന നിലയിലാണ് പലരും മയക്കുമരുന്ന് പാര്‍ട്ടിയിലേക്കും നിശാപാര്‍ട്ടിയിലേക്കും വന്‍തുക നല്‍കി ടിക്കറ്റെടുത്ത് വന്നത്തെുന്നത്. 

ബിക്കിനി ഷോ, നിശാപാര്‍ട്ടി തുടങ്ങിയ പേരുകളിലാണ് നഗരത്തിനകത്തും പുറത്തുമുള്ള കേന്ദ്രങ്ങളില്‍ മയക്കുമരുന്ന്  പാര്‍ട്ടികള്‍ നടക്കുന്നത്. ഇത്തരം പാര്‍ട്ടികളില്‍ പ്രവേശനത്തിന് 1500 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ചലച്ചിത്രപ്രവര്‍ത്തകരുടെ സാന്നിധ്യമാണ് നിശാപാര്‍ട്ടിയുടെ മുഖ്യ ആകര്‍ഷണം. 

കെട്ടുപിണഞ്ഞ് റിയല്‍ എസ്റ്റേറ്റ് ഇടപാടും 

രണ്ട് പതിറ്റാണ്ടായി സിനിമയില്‍ കത്തിനില്‍ക്കുന്ന യുവനടന്‍ അഞ്ചുവര്‍ഷം മുമ്പ് സിനിമയില്‍നിന്ന് പെട്ടെന്ന് ‘അവധി’യെടുത്തു. പ്രമുഖ നായകന്മാരടക്കമുള്ളവര്‍ക്ക് കണ്ണായ സ്ഥലങ്ങള്‍, തോട്ടം, വില്‍പനക്കുവെച്ച സിനിമ തിയറ്ററുകള്‍ തുടങ്ങിയവ വാങ്ങിക്കൊടുക്കുന്നതിനുള്ള റിയല്‍ എസ്റ്റേറ്റ് ഏജന്‍റായാണ് പിന്നീട് പ്രത്യക്ഷപ്പെട്ടത്. 

മുഖ്യനടന്മാരെ റിയല്‍ എസ്റ്റേറ്റിലേക്ക് ആകര്‍ഷിക്കാന്‍ രണ്ടാംനിര നടനും രംഗത്തിറങ്ങി. കച്ചവടം കൊഴുക്കുന്നതിനിടയിലാണ് രാഷ്ട്രീയ ബന്ധമുള്ള സിനിമാപ്രവര്‍ത്തകന്‍െറ രംഗപ്രവേശം. ഇടപാടില്‍ തനിക്കും ഷെയര്‍ വേണമെന്നായിരുന്നു ആവശ്യം. ഈ ആവശ്യം നിരസിച്ചതിന്‍െറ ഫലവും അനുഭവിച്ചു; റിയല്‍ എസ്റ്റേറ്റ് ഇടപാടിനിറങ്ങിയ സിനിമാപ്രവര്‍ത്തകന്‍ വര്‍ഷങ്ങളോളം ‘ബ്ളാക്കൗട്ടി’ലായി. അടുത്തകാലത്താണ് വീണ്ടും സിനിമാരംഗത്ത് പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്.

റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപമുള്ളവരില്‍ പ്രമുഖ നടന്മാരും സംവിധായകരുമൊക്കെയുണ്ട്. ഒരു സിനിമ കഴിഞ്ഞാല്‍, അടുത്ത പ്രോജക്ട്വരെയുള്ള ഇടവേളകളാണ് ഇത്തരം ഇടപാടിന് ചെലവഴിക്കുന്നത്. വേറൊരിനം റിയല്‍ എസ്റ്റേറ്റ് ഇടപാടും സിനിമാരംഗത്ത് സജീവമാണ്. ചില ബില്‍ഡര്‍മാര്‍കൂടി പങ്കുചേര്‍ന്ന ഇടപാടാണിത്. സിനിമാ ബന്ധമുള്ളവര്‍ താമസിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിലെ മറ്റ് ഫ്ളാറ്റുകള്‍ക്ക് ആവശ്യക്കാരും വിലയുമേറും. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു പ്രോജക്ട്് പ്രഖ്യാപിക്കുമ്പോള്‍തന്നെ പ്രമുഖ സിനിമാക്കാരില്‍ ആരെയെങ്കിലും പ്രസ്തുത പ്രോജക്ടില്‍ ഇടപാടുകാരാക്കിക്കൊടുക്കുന്നതിനും പ്രത്യേക ഇടനിലാക്കാരുണ്ട്. സിനിമാപ്രവര്‍ത്തകരുടെ പ്രശസ്തിക്കനുസരിച്ച് സൗജന്യമായും നിരക്ക് കുറച്ചുമൊക്കെയാണ് ഇത്തരത്തില്‍ ഇടപെടുവിക്കുക. അതോടെ, മറ്റ് ഫ്ളാറ്റുകളും വില്ലകളും ചൂടപ്പംപോലെ വിറ്റഴിയുകയും ചെയ്യും. 

ഇതെല്ലാം സിനിമക്കകത്തെ കളികളെങ്കില്‍, ഷൂട്ടിങ് ലൊക്കേഷനെയും തിയറ്ററുകളെയും ചുറ്റിക്കറങ്ങി ജീവിക്കുന്ന മറ്റൊരു വിഭാഗമുണ്ട്; ഫാന്‍സുകള്‍ എന്നറിയപ്പെടുന്ന ആരാധകക്കൂട്ടം. 

 

Tags:    
News Summary - ariticle about kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.