കണ്ണൂർ: ആൾക്കൂട്ട വിചാരണക്കൊടുവിൽ നൂറുകണക്കിനാളുകളുടെ കൺമുന്നിൽവെച്ച് അരിയിൽ ഷൂക്കൂറിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പി.ജയരാജന്റെയും ടി.വി രാജേഷിന്റെയും വിടുതൽ ഹരജി തള്ളി സി.ബി.ഐ പ്രത്യേക കോടതി ഉത്തരവിൽ പ്രതികരണവുമായി ഷുക്കൂറിന്റെ സഹോദരൻ ദാവൂദ് അരിയിൽ. ‘നീതിയല്ല, നീതിയിലേക്കുള്ള ഒരു വാതിൽ കൂടി തുറന്നു.. ഓടിയിട്ടും ഓടിയിട്ടും തുടങ്ങിയിടത്ത് തന്നെ നിൽക്കുന്നു എന്നതാണ് വിചിത്രം..’ -എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. പ്രാർത്ഥനയോടെ, പ്രതീക്ഷയോടെ കൂടെ നിന്നവരോടുള്ള നന്ദിയും കടപ്പാടും ഹൃദയത്തിൽ സൂക്ഷിക്കുന്നു.. സർവ്വശക്തനായ അല്ലാഹുവിലുള്ള വിശ്വാസമാണ് പ്രതീക്ഷ -ദാവൂദ് വ്യക്തമാക്കി.
പി.ജയരാജന്റെ വാഹനവ്യൂഹത്തിനു നേരെ കല്ലെറിഞ്ഞു എന്നാരോപിച്ചാണ് 2012 ഫെബ്രുവരി 20ന് 30 ഓളം വരുന്ന സി.പി.എം പ്രവർത്തകർ ചേർന്ന് വീട്ടിൽനിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള വയലിൽ പരസ്യവിചാരണ നടത്തി ക്രൂരമായി കൊലപ്പെടുത്തിയത്. ജയരാജനെയും രാജേഷിനേയും പ്രവേശിപ്പിചചിരുന്ന തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ െവച്ച് ഷുക്കൂറിനെ കൊലപ്പെടുത്താനുള്ള ഗൂഡാലോചന നടന്നു എന്നാണ് സി.ബി.ഐ പറയുന്നത്.
കേസിൽ വിചാരണ കൂടാതെ വിടുതൽ നൽകണമെന്ന് ആവശ്യപ്പെട്ട് 2023 ജനുവരിയിലാണ് പി.ജയരാജനും ടി.വി.രാജേഷും സിബിഐ സ്പെഷൽ കോടതിയിൽ സംയുക്തമായി വിടുതൽ ഹർജി നൽകിയത്. ഇതാണ് ഇന്ന് സിബിഐ സ്പെഷൽ കോടതി ജഡ്ജി പി. ശബരിനാഥൻ തള്ളിയത്. നേരത്തെ സി.ബി.ഐ കുറ്റപത്രത്തിൽ പി. ജയരാജനും ടി.വി. രാജേഷിനുമെതിരെ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിരുന്നു. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിൽ ക്രിമിനൽ ഗൂഢാലോചന കുറ്റം ഒഴിവാക്കിയായിരുന്നു പി. ജയരാജനും ടി.വി. രാജേഷിനുമെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നത്. പിന്നീട് ഷുക്കൂറിന്റെ മാതാവ് ആത്തിക്ക സമർപ്പിച്ച ഹർജിയിൽ ഹൈകോടതി കേസന്വേഷണം സി.ബി.ഐക്ക് വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.