'കുടുംബത്തിനെതിരായ സൈബർ ആക്രമണം പരിധിവിട്ടു; മാധ്യമശ്രദ്ധ കിട്ടാൻ വേണ്ടിയല്ലാതെ ഒരിക്കൽപോലും മനാഫ് നേരിട്ട് വിളിച്ച് ഒന്നും പറഞ്ഞിട്ടില്ല'

കോഴിക്കോട്: ലോറിയുടമ മനാഫിന്റെ പ്രവൃത്തികൾമൂലം കുടുംബത്തിനെതിരെ വലിയതോതിൽ സൈബർ ആക്രമണം നടക്കുകയാണെന്ന് അർജുന്‍റെ കുടുംബം. സൈബർ ആക്രമണങ്ങൾ പരിധിവിട്ടു. മനാഫ് പല കോണിൽനിന്നും ഫണ്ട് സ്വരൂപിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഒരുരൂപ പോലും തങ്ങൾ സ്വീകരിച്ചിട്ടില്ലെന്നും ഇനി സ്വീകരിക്കില്ലെന്നും കുടുംബം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.

അർജുന് 75,000 രൂപ ശമ്പളം കിട്ടിയിരുന്നെന്നാണ് പ്രചാരണം. അർജുന് മാസം 75,000 രൂപ കിട്ടിയെങ്കിൽ എങ്ങനെയാണ് കുടുംബത്തിന് ഇത്രയും കടം ഉണ്ടായത്. മനാഫിന്റെ പ്രസ്താവനകളും പ്രവൃത്തികളും വൈകാരികതയെ ചൂഷണം ചെയ്യുന്നതാണ്. അർജുന്റെ മകനെ തന്റെ നാലാമത്തെ മകനായി വളർത്തും എന്ന മനാഫിന്റെ പ്രസ്താവന ഏറെ വിഷമമുണ്ടാക്കി.

മാധ്യമ ശ്രദ്ധ കിട്ടാൻ വേണ്ടിയല്ലാതെ ഒരിക്കൽപോലും മനാഫ് തങ്ങളെ നേരിട്ട് വിളിച്ച് ഒന്നും പറഞ്ഞിട്ടില്ല. അർജുന്റെ ബൈക്ക് അവൻ പോകുന്നതിനു മുമ്പ് മനാഫിന്റെ വീടിനു സമീപത്തെ ഷോപ്പിൽ നന്നാക്കാൻ കൊടുത്തതാണ്. പിന്നെ കാണുന്നത് ‘അർജുന്റെ ബൈക്ക് പെയിന്റടിച്ച് സൂക്ഷിച്ചു മനാഫ്ക്ക’ എന്ന യൂട്യൂബ് വിഡിയോ ആണ്. അർജുന്റെ അമ്മക്ക് നിത്യവും മെസേജ് അയക്കാറുണ്ടെന്നും പറഞ്ഞ് അമ്മയെയും വലിച്ചിഴച്ചു -കുടുംബം ആരോപിച്ചു.

ഷിരൂരിൽനിന്ന് എന്ത് സാധനങ്ങൾ ലഭിച്ചാലും ഈശ്വർ മാൽപെ അത് യൂട്യൂബിൽ അപ്​ലോഡ് ചെയ്യുകയായിരുന്നുവെന്നും കുടുംബം പറഞ്ഞു. മനാഫിനും യൂട്യൂബ് ചാനലുണ്ട്. അവരുടെ യൂട്യൂബ് ചാനലിന് വരിക്കാരെ കൂട്ടാന്‍ നാടകം കളിക്കുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു. അവിടത്തെ എസ്.പിയും എം.എല്‍.എയും മനാഫിനെതിരെ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. പൊതുസമൂഹത്തിനു മുന്നില്‍ തങ്ങളുടെ കുടുംബത്തെ പരിഹാസ്യരാക്കുന്ന നിലപാടുമായി ഇനിയും മുന്നോട്ടുപോയാല്‍ മനാഫിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കുടുംബം പറഞ്ഞു.

പിതാവ് പ്രേമൻ, മാതാവ് ഷീല, ഭാര്യ കൃഷ്ണപ്രിയ, സഹോദരിമാരായ അഞ്ജു, അഭിരാമി, സഹോദരൻ അഭിജിത്ത്, സഹോദരീഭർത്താവ് ജിഷിൻ എന്നിവരാണ് വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തത്.

Tags:    
News Summary - Arjun family accuse manaf of wrong doing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.